Spread the love

ചെന്നൈ: എസി വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ താനും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയതെന്ന് ആകാശ് പറയുന്നു.

പിറ്റേദിവസം രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അകത്തുനിന്നും അടഞ്ഞു കിടക്കുകയായിരുന്നു എന്ന് ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം.

പുല്ലാരമ്പാക്കം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. അതേസമയം മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)