Spread the love

ഒല്ലൂർ : തൃശ്ശൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.

ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിറകേ ഇറങ്ങിയപ്പോൾ കത്തിയുമായി പിറകേയെത്തിയ തോമസ് കുത്തുകയായിരുന്നു. കുത്തേറ്റ് അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയിൽ പൊലീസ് കണ്ടെത്തി. പ്രതിയെ അഗ്നിരക്ഷാസേന എത്തിയാണ് കിണറ്റിൽ നിന്ന് കയറ്റിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. വ്യക്തിവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. മക്കൾ: ഏഗ്ന, ആരോൺ.