കോട്ടയം : അക്കൗണ്ട് മാറി ഗൂഗിള്‍ പേ ചെയ്ത പണം തിരികെ നല്‍കി സൈബര്‍ പോലീസ്.
പുതുപ്പള്ളി സ്വദേശി ഷിബു താന്‍ ജോലിചെയ്യുന്ന ഏറ്റുമാനൂരുള്ള റബ്ബര്‍ കമ്പനിക്ക് വേണ്ടി കമ്പനി നിര്‍ദ്ദേശിച്ച ഫോണ്‍ നമ്പറിലേക്ക് ഗൂഗിള്‍ പേ ചെയ്ത അമ്പതിനായിരം (50000/-) രൂപയാണ് തെറ്റായ നമ്പര്‍ ഉപയോഗിച്ചതിലൂടെ മറ്റൊരു അൗണ്ടിലേക്ക് ചെന്നത്.
അബദ്ധം മനസ്സിലാക്കിയ ഷിബു ഉടന്‍തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ സമീപിച്ചു. പരാതി സ്വീകരിച്ച ബാങ്ക് പതിനഞ്ചാം തീയതിക്ക് മുന്‍പായി പണം തിരികെയെത്തിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ അക്കൗണ്ട് ഹോള്‍ഡര്‍ പണം പിന്‍വലിച്ചാല്‍ പണം തിരികെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അറിയിച്ചു. ഈ കാര്യത്തില്‍ കോട്ടയം സൈബര്‍ പോലീസില്‍ ഒരു പരാതി നല്‍കുവാനും ബാങ്കില്‍ നിന്നും അറിയിച്ചു.
ഷിബു തന്റെ ബന്ധുവായ കോട്ടയം AR ക്യാമ്പിലെ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
സൈബര്‍, ഫിനാന്‍ഷ്യല്‍ ഫ്രോഡ് കേസുകളില്‍ എത്രയും പെട്ടെന്ന് ഇടപെടലുകള്‍ നടത്തണമെന്നും പരിഹാരം ഉണ്ടാകണമെന്നും ഉള്ള ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് എ ഐപിഎസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജഗദീഷ് വിആര്‍, സിപിഒമാരായ ജോബിന്‍ സണ്‍ ജെയിംസ്, രാഹുല്‍ മോന്‍ കെസി എന്നിവര്‍ ഉടന്‍ തന്നെ കൃത്യമായി അന്വേഷണം നടത്തുകയും മഹാരാഷ്ട്രയിലുള്ള സോണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയിരിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു.
തുടര്‍ന്ന് ഫോണ്‍ മുഖാന്തരം അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിംഗ് സമയം തീരുന്നതിനുമുമ്പായി പണം തിരികെ അയക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുകയായിരുന്നു. സൈബര്‍ പോലീസിന്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനുള്ളില്‍ 50000/- രൂപ തിരികെ അക്കൗണ്ടിലേക്ക് എത്തിക്കുവാന്‍ സാധിച്ചു.
പണം അയച്ച നമ്പര്‍ മാറിപ്പോയി എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ബാങ്കിനെയും തുടര്‍ന്ന് സൈബര്‍ പോലീസിന്റെയും സഹായം തേടി എന്നുള്ളതാണ് പണം തിരികെ ലഭിക്കുവാന്‍ പ്രധാന കാരണമായി മാറിയത്.

