കോട്ടയം : മാധ്യമപ്രവർത്തനത്തിന്റെ കരുത്തും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുമാണ് സുജിത്തിന് പോലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാക്കാൻ വഴിയൊരുക്കിയ ഉത്തരവിനു പിന്നിൽ. മൂന്നു പതിറ്റാണ്ടായി മാധ്യമപ്രവർത്തനരംഗത്തുള്ള തിരുവനന്തപുരം പ്രസ് ക്ലബ് മുൻപ്രസിഡന്റും പത്രപ്രവർത്തക യൂണിയൻ അംഗവുമായിരുന്ന ഡോ. സോണിച്ചൻ പി ജോസഫ് വിവരാവകാശ കമ്മീഷണർ എന്ന നിലയിൽ എടുത്ത ശക്തമായ തീരുമാനമാണ് കേരളം കണ്ട ഏറ്റവും വലിയ ലോക്കപ്പ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറംലോകത്ത് എത്തിച്ചത്.സോണിച്ചൻ പി ജോസഫിനൊപ്പം വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപും സ്വീകരിച്ച നിലപാട് സുജിത്തിന്റെ പോരാട്ടത്തിനുള്ള വഴി തുറന്നു.

Dr. Sonichan
കുന്നംകുളം പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ വിട്ടു കിട്ടുന്നതിനായി രണ്ടര വർഷമായി സുജിത്ത് പോരാട്ടത്തിലാണ്.പക്ഷേ പോലീസ് പതിവു ശൈലിയിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു.ഒടുവിലാണ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സുജിത്ത് സമീപിക്കുന്നത്. സുജിത്തിന്റെ വാദം അംഗീകരിച്ച വിവരാവകാശ കമ്മീഷണർമാർ എത്രയും വേഗം ദൃശ്യങ്ങൾ നൽകാൻ ഉത്തരവിടുകയായിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കൊടിയ മർദ്ദനം കണ്ട് നാട് ഞെട്ടിയത്. കോട്ടയം പാലാ സ്വദേശിയായ സോണിച്ചൻ മലയാള മനോരമ പത്രാധിപസമിതി അംഗമായിരുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള നിർഭയത്വവും ഉന്നതമായ മനുഷ്യാവകാശ ബോധവുമാണ് ഇത്തരത്തിലുള്ള ഒരു ഉത്തരവിലേക്ക് നയിച്ചത്

