തിരുവനന്തപുരം : കൃഷിമന്ത്രി ടി സിദ്ധിഖ് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർ. . ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്ഡ്ഫാര്മേഴ്സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി കഴിഞ്ഞദിവസം നിയമിച്ചിരുന്നു.


സിറാജ് ലേഖകൻ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന് ഇറങ്ങിപ്പോയി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം.
എന്നാൽ ഇതേ തുടർന്ന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മന്ത്രി പി പ്രസാദ് ശ്രീരാം വെങ്കിട്ടരാമനൊപ്പം വാർത്താസമ്മേളനം നടത്തുന്നതായ ദൃശ്യങ്ങൾ പുറത്തുവിട്ടു. അന്ന് പ്രതിഷേധിക്കാത്ത മാധ്യമപ്രവർത്തകർ ഇപ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നു എന്നാണ് കോൺഗ്രസിന്റെ സൈബർ ലോകം ഉയർത്തുന്ന ചോദ്യം.
അതിനിടെ മന്ത്രി സിദ്ദിഖിന്റെ നിലപാടിനെ ചോദ്യംചെയ്ത് മുൻ കൃഷിമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഷിജോ ഫിലിപ്പ് രംഗത്ത് വന്നു. സിജോയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഒരു വകുപ്പിന്റെ പത്രസമ്മേളനത്തിൽ ആ വകുപ്പിന്റെ ഡയറക്ടർ ഇരിക്കാൻ പാടില്ല എന്ന നിബന്ധന വെയ്ക്കാൻ മാധ്യമപ്രവർത്തകർക്ക് ആരാണ് അധികാരം കൊടുത്തത്. ശ്രീറാം വെങ്കിട്ടരാമൻ IAS തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടട്ടെ, കോടതി ശിക്ഷിക്കട്ടെ. അതിന് മുൻപ് ശിക്ഷ വിധിക്കാൻ മാധ്യമ പ്രവർത്തകർ ആരാണ് ?. തന്റെ ഒപ്പം വരുന്ന ഉദ്യോഗസ്ഥനെ / വകുപ്പ് ഡയറക്ടറെ സംരക്ഷിക്കാൻ ത്രാണിയില്ലാത്ത മന്ത്രി എന്തിനാണ് ആ ഉദ്യോഗസ്ഥനെ പത്ര സമ്മേളനത്തിൽ കൊണ്ട് പോയത് ?.
ഇതിന് മുൻപും കൃഷിവകുപ്പ് മന്ത്രിയുടെ പത്ര സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ മന്ത്രിയൊടുപ്പം പങ്കെടുത്തിട്ടുണ്ട്. (ലഭിച്ച രണ്ട് ചിത്രങ്ങൾ ചേർക്കുന്നു). അന്നത്തെ മന്ത്രി പി പ്രസാദിനോട് ചിലർ ചില മുറുമുറുപ്പുകൾ പറഞ്ഞപ്പോൾ, അയാൾ വകുപ്പിന്റെ ഡയറക്ടറാണ് എന്ന ഒറ്റ മറുപടിയിൽ എല്ലാം ഒതുങ്ങി.
ഇല്ലാത്തതെല്ലാം എഴുതി പിടിപ്പിച്ചും വിളിച്ച് പറഞ്ഞും തങ്ങൾക്ക് അധികാരത്തിലേറാൻ വഴിയൊരുക്കി തന്നവരോട് വിധേയപ്പെട്ട് നിൽക്കുന്ന മന്ത്രിമാരും സർക്കാരും കേരളത്തിൽ’ മാപ്ര രാജിന്’ കളം ഒരുക്കരുത്….


