Spread the love

 

 

കൊല്ലം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും നേതാക്കള്‍ക്കും എതിരായ പരാമര്‍ശങ്ങളുളള നാലു പേജ് കൂട്ടിചേര്‍ത്തതാണെന്ന് പത്തനംതിട്ട ജയില്‍ സുപ്രണ്ടായിരുന്ന വിശ്വനാഥ കുറുപ്പ്. ഇപ്പോഴത്തെ മന്ത്രി കെ.ബി ഗണേഷ് കുമാറും പരാതിക്കാരിയും പ്രതിയായ സോളാര്‍ ഗൂഢാലോചന കേസ് പരിഗണിക്കുന്ന കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് വിശ്വനാഥ കുറുപ്പ മൊഴി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറെ കത്തിപടര്‍ന്ന കേസാണ് സോളാര്‍. ഇതോടെ ഉമ്മന്‍ചാണ്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ പേജുകള്‍ കൂട്ടിചേര്‍ത്തതെന്ന സംശയം ബലപ്പെടുന്നു.

 

പരാതിക്കാരി സോളര്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ നാലു പേജ് കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന ആരോപിച്ചു സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയാണു കൊട്ടാരക്കര കോടതി പരിഗണിക്കുന്നത്.പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി കേസെടുക്കുകയായിരുന്നു. 21 പേജുള്ള കത്താണ് എഴുതി നല്‍കിയതെന്നും എന്നാല്‍ 25 പേജുള്ളതാണു സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയതെന്നുമാണു പരാതിയുടെ ഉളളടക്കം.

സാമ്പത്തിക കുറ്റകൃത്യം ആരോപിച്ചാണ് 2013 ജൂലൈ 3ന് പെരുമ്പാവൂര്‍ പോലീസ് പരാതിക്കാരിയെ അറസ്റ്റ് ചെയ്തത്. പിന്നീടു പത്തനംതിട്ട ജയിലിലാക്കി.ദേഹപരിശോധന നടത്തിയപ്പോള്‍ 21 പേജുള്ള കത്ത് ലഭിച്ചെന്നാണു ജയില്‍ രേഖയിലുള്ളത്. ഈ കത്ത് അവരെ തിരിച്ചേല്‍പിച്ചു.24ന് ഇവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ പത്തനംതിട്ട ജയിലില്‍ എത്തി അധികൃതരുടെ സാന്നിധ്യത്തില്‍ കത്ത് ഏറ്റുവാങ്ങി. കത്തിന് 21 പേജുകള്‍ ഉണ്ടെന്നു വ്യക്തമാക്കി ഫെനി ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പിനു കൈപ്പറ്റ് രസീത് നല്‍കുകയും ചെയ്തു. ഈ രസീത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു സ്ഥിരീകരിക്കുന്ന മൊഴിയാണു വിശ്വനാഥ കുറുപ്പ് ഇന്നലെ നല്‍കിയത്.