കാഞ്ഞിരംകുളം: കുട്ടിക്കാനം-കട്ടപ്പന മലയോരഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേയക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ജെറിന്റെ മൂന്ന് വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യജ്യോതി (28), ഭാര്യാസഹോദരി നവ്യജ്യോതി (26), ഇവരുടെ ഭർത്താവ് കാരക്കോണം പി.വി.കെ. നിവാസിൽ അജിൻ രാജ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ദിവ്യയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സാമൂഹ്യരംഗത്ത് പ്രവർത്തിച്ച കാഞ്ഞിരംകുളം ചാണി കരുമരക്കാല ബഥേൽ എലീം ജെറിൻ ഏർണസ്റ്റിന്റെ വേർപാട് നാടിന് തീരാത്ത നഷ്ടമാണ് സമ്മാനിച്ചത്. ട്രിച്ചിയിലേക്കുള്ള യാത്രയാണ് അവസാന നിമിഷത്തിൽ കട്ടപ്പനയിലേക്ക് മാറ്റിയത്. ഭാര്യാപിതാവിന്റെ ബന്ധു ഉള്ളതിനാൽ അവിടെയെത്തി അവരെ കണ്ടശേഷം ട്രിച്ചിയിലേക്ക് പോകാമെന്ന് യാത്രക്കിടയിലാണ് തീരുമാനിച്ചത്. ആ യാത്രക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് ജെറിൻ ഏർണസ്റ്റ് മരിച്ചത്.
റിട്ട. റെയിൽവേ ഉദ്യോഗസ്ഥരായ ഭാനുമണിയുടെയും ഹെബ്‌സിബായിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെറിൻ ഏർണസ്റ്റ്.

