Spread the love

ക്രൈസ്തവ സമൂഹത്തെയോ മറ്റേതെങ്കിലും മതവിഭാഗങ്ങളെയോ ഉപദ്രവിക്കാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ല; എഫ് സിആർഎ നിയമഭേദഗതി മതനിരപേക്ഷം: കേന്ദ്രമന്ത്രി അമിത്ഷാ

 

നൃഡൽഹി: എഫ്സിആര്‍എ നിയമഭേദഗതി മതനിരപേക്ഷമെന്നുംന ക്രൈസ്തവ സമൂഹത്തെയോ മറ്റേതെങ്കിലും മതവിഭാഗങ്ങളെയോ ഉപദ്രവിക്കാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ലന്ന് കേന്ദ്ര ആഭൃന്തര മന്ത്രി അമിത്ഷാ.

 

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെയും ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും, ബില്‍ പാസാക്കുന്നതിനായി താന്‍ തന്നെ നേരിട്ട് സഭയിലെത്തുമെന്നും അമിത് ഷാ സംഘത്തെ അറിയിച്ചു.

എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കിക്കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ സ്ഥാപനങ്ങളുടെ ആസ്തികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിലവിലെ കിരാതമായ വ്യവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ആശുപത്രികളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

 

എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കി വ്യക്തമായ അന്വേഷണം നടത്തിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

എന്നാൽ വിദേശ സംഭാവന ലഭിക്കുന്ന എന്‍.ജി.ഒകളുടെയോ സ്ഥാപനങ്ങളുടെയോ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമ്പോള്‍, ആ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’യെ നിയമിക്കുമെന്ന വ്യവസ്ഥയിലാണ് ക്രൈസ്തവ സംഘടനകള്‍ പ്രധാനമായും ആശങ്ക അറിയിച്ചത്. ഈ അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടാകുമെന്നും സ്വത്തുക്കള്‍ സര്‍ക്കാരിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ കൈമാറാന്‍ ഉത്തരവിടാനാകുമെന്നും ബില്ലില്‍ പറയുന്നു.

 

അതേസമയം എഫ്‌സിആര്‍എ ചട്ടഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു നിന്നു. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

 

ജനദ്രോഹപരമായ ബില്ല് ആണെങ്കില്‍ പാസ്സാക്കാന്‍ അനുവദിക്കരുത്. ഇതാണ് പ്രതിപക്ഷ എംപിമാരോടും പറയാനുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് നമ്മുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. വ്യവസ്ഥകളെക്കുറിച്ച് ബില്ല് വന്നതിനു ശേഷം പ്രതികരിക്കാം. മാറ്റങ്ങള്‍ ഉണ്ടോ എന്ന് അപ്പോഴേ അറിയാന്‍ സാധിക്കൂ. എഫ്‌സിആര്‍എയിലെ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍ ആണെന്ന് അമിത് ഷാ ആവര്‍ത്തിച്ചുവെന്നും ഫാ. മാത്യു കോയിക്കല്‍ കൂട്ടിച്ചേര്‍ത്തു. എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ ക്രൈസ്തവ സഭകള്‍ കടുത്ത ആശങ്ക അറിയിച്ചിരുന്നു.