തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്.
ആര്‍എസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ.
മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നല്‍കിയിട്ടും ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ ഇരിക്കാന്‍ മനസ്സിന് കഴിയുന്നില്ല. സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.
മത്സരിക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോകും. എത്ര കൊമ്പനായാലും ഞാന്‍ അവര്‍ക്കെതിരെ ഫൈറ്റ് ചെയ്യും. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയില്‍ ആണ് നിന്നത്. എന്നിട്ടും എന്നെ അവഗണിച്ചു ശബ്ദസന്ദേശത്തില്‍ ആനന്ദ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്‌ഐആര്‍. സഹോദരി ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആനന്ദിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുരിയാത്തി പുത്തന്‍കോട്ട ശ്മശാനത്തില്‍ നടക്കും.

