കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.
ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.ചാണ്ടി ഉമ്മൻ എംഎൽഎ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ വകയായി 5 ലക്ഷം രൂപ ഇതിനകം തന്നെ കൈമാറി. നേരത്തെ നവനീതിന് കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി വാഗ്ദാനം ചെയ്തുവെങ്കിലും അത് കുടുംബം നിരസിച്ചു. അമ്മ മരിച്ച സ്ഥലത്ത് തനിക്ക് ജോലി ചെയ്യാൻ ആവില്ലെന്ന് നവനീത് വ്യക്തമാക്കിയിരുന്നു.
ബിന്ദു ജോലി ചെയ്ത തലയോലപ്പറമ്പിലെ ശിവാസ് ടെക്സ്റ്റൈൽ ഉടമ ഒരു ലക്ഷം രൂപ സഹായം നൽകി.കൂടാതെ ബിന്ദുവിന്റെ അമ്മയ്ക്ക് പ്രതിമാസം അയ്യായിരം രൂപ വീതം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.
ബിന്ദുവിന്റെ വീട് പുതുക്കിപ്പണി ചെയ്യുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

