ധാക്ക : ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 1.30 ഓടെയാണ് ആണ് പൊലീസ് അടച്ചിട്ട വീട്ടിൽനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിന്റെ പല ഭാഗങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടത്.
പൊലീസ് പറയുന്നത്
പ്രതികൾ വ്യാഴാഴ്ച രാത്രി ഗണപതിയുടെ വീടിനു മുകളിൽ വച്ച് ലഹരി ഉപയോഗിച്ചു. എന്നാൽ ശബ്ദം കേട്ടതിനെത്തുടർന്ന് ഇവിടേയ്ക്ക് എത്തിയ ഗണപതി വീടിനു മുകൾ നിലയിലെ ഇവരുടെ സാന്നിധ്യം ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതരായ യുവാക്കൾ തുണി ഉപയോഗിച്ച് ഗണപതിയെ കഴുത്തുഞെരിച്ചു കൊന്നു. ബഹളം കേട്ടു മുകളിലേക്ക് എത്തിയ ഗണപതിയുടെ ഭാര്യയേയും പ്രതികൾ സമാനമായ രീതിയിൽ തന്നെ കൊലപ്പെടുത്തി. ശേഷം വീടിനുള്ളിൽ കടന്നുകയറി ദമ്പതികളുടെ മകളേയും മകനെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തുവന്നത്. വ്യാഴാഴ്ച രാത്രി മുതൽ നാല് കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.
അതേസമയം കൊലപാതകത്തിനു ശേഷം മണിക്കൂറുകൾ വീടിനുള്ളിൽ ചെലവഴിച്ച പ്രതികൾ വീട്ടിലെ ആഹാരം എടുത്തു കഴിക്കുകയും കുളിക്കുകയും ചെയ്ത ശേഷമാണ് കടന്നുകളഞ്ഞത്. ഇതിനുമുൻപായി പ്രതികൾ തങ്ങളുടെ വിരലടയാളം മായ്ക്കുകയും മോഷണം നടന്നതായി വരുത്തി തീർക്കാനും ശ്രമം നടത്തി. രംഗ്പുരിലെ ഒരു ശ്മശാനത്തിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

