പുതുജില്ലാ രൂപീകരണം ലീഗ് സ്വാഗതം ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിയോജിപ്പ്
തിരുവനന്തപുരം: മൂവാറ്റുപുഴ ജില്ല രൂപീകരണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ ജില്ലാ പുനക്രമീകരണം വീണ്ടും ചര്‍ച്ചയിലാക്കി. മലപ്പുറം ജില്ല വിഭജനം മുസ് ലീം ലീഗിന്റെ ആവശ്യമാണെങ്കിലും മൂവാറ്റുപുഴ ജില്ല വരുന്നതിനോട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് താല്‍പര്യമില്ല. അത് ഇടുക്കിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് കേരള കോണ്‍ഗ്രസിനുളളത്. ഇക്കാര്യത്തില്‍ അതൃപ്തി പരസ്യപ്പെടുത്തിയില്ലെങ്കിലും ഈ നീക്കത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ല എന്നാണ് സൂചന.
അതിനിടെ സംസ്ഥാനത്ത് ജനസംഖ്യയനുസരിച്ച് എല്ലാ ജില്ലകളെയും പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ഒരേ സൗകര്യങ്ങളാണുള്ളത്. മലപ്പുറം മാത്രമല്ല, കൂടുതല്‍ ജനസംഖ്യയുള്ള എല്ലാ ജില്ലകളും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു.
മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷനെ ഉടന്‍ സര്‍ക്കാര്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകള്‍ക്കായുള്ള ആവശ്യത്തിന് പ്രതീക്ഷയേറുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിന്‍കര, മൂവാറ്റുപുഴ, തിരൂര്‍ എന്നിങ്ങനെയാക്കണമെന്നാണ് ചര്‍ച്ച നടക്കുന്നത്.

