Spread the love

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്. പത്തനംതിട്ട തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. ബലാത്സംഗം ഈ ഹോട്ടലിൽ വച്ചാണ് നടന്നതെന്നാണ് യുവതിയുടെ മൊഴി.

ചോദ്യംചെയ്യലില്‍ യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം മാങ്കൂട്ടത്തില്‍ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ബി ആര്‍ എന്ന പേരിലാണ് മുറിയെടുത്തത്. പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡ് നല്‍കാന്‍ മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല.

നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.

അതിജീവിതയുടെ പരാതിയിൽ പാലക്കാട് നിന്ന് ഞായറാഴ്ചയാണ് രാഹുലിനെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ക്രൂരമായ അനുഭവങ്ങളാണ് രാഹുലിൽ നിന്ന് നേരിട്ടതെന്ന് അതിജീവിത പരാതിയിൽ വ്യക്തമാക്കിയിരുന്നു. മുൻ കേസുകളിലെന്നപോലെ സമാനമായ രീതിയിൽ തന്നെയാണ് രാഹുൽ അതിജീവിതയെ സമീപിച്ചത്. യുവതിയുമായി പരിചയത്തിലായ ശേഷം വിവാഹ വാ​​ഗ്ദാനം നൽകി. റസ്റ്റോറന്റിൽ വച്ച് കാണാമെന്ന് യുവതി പറഞ്ഞെങ്കിലും യുവതിയെക്കൊണ്ട് ഹോട്ടലിൽ മുറി ബുക്ക് ചെയ്യിച്ചു.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ റൂമിൽവച്ച് കടന്നുപിടിച്ചെന്നും ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിൽ‌ ഏർപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ക്രൂരമായ ലൈം​ഗിക പീഡനമാണ് നേരിട്ടത്. മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹമാസകലം മുറിവുണ്ടാക്കുകയും ചെയ്തു. കുഞ്ഞ് വേണമെന്നും ​ഗർഭിണിയാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുഞ്ഞുണ്ടായാൽ പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് രാഹുൽ പറഞ്ഞതായും പരാതിയിൽ പറയുന്നു. ​ഗർഭിണിയാണെന്ന് അറിയിച്ചതോടെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് രാഹുലിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദമുണ്ടായെന്നും മാനസികമായി പീഡിപ്പിച്ചതായും യുവതി പറയുന്നു.

ലൈംഗികപീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടത്.