പിഎസ് സി തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്. അഡീ.സെക്രട്ടറി ഹരി അറസ്റ്റില്‍. പിടിയിലായത് അടുത്ത സെക്രട്ടറിയാവേണ്ട ഉദ്യോഗസ്ഥന്‍
പരീക്ഷാ, നിയമന ക്രമക്കേടുകളില്‍ പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി അന്വേഷണ സംഘം മുന്നോട്ടു നീങ്ങുന്നതിനിടെ ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷാ, നിയമന ക്രമക്കേടില്‍ പി.എസ്.സി അഡി. സെക്രട്ടറി ആര്‍.ഹരിയെ എറണാകുളത്ത് നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിട്ട.ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷ് റിമാന്‍ഡിലായതിന് പിന്നാലെയാണിത്. മൂന്നു ദിവസം കോയമ്പത്തൂരിലെ യോഗകേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടില്‍ എത്തിയതിന് പിന്നാലെയാണ് പിടികൂടിയത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയച്ചുമതല ഹരിക്കായിരുന്നു.
അടുത്ത പി.എസ്. സി സെക്രട്ടറിയാവേണ്ട ഉദ്യോഗസ്ഥനാണ്. രാത്രിവൈകി തിരുവനന്തപുരത്ത് എത്തിച്ച ഹരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാര്യയും മറ്റൊരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ വഴിയാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ഹരിയെ ഇന്നു തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് ഐജി: അജീത ബേഗം പറഞ്ഞു.
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിനെ എസ്ഐടി ഇന്ന് ചോദ്യംചെയ്യും. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
ഉദ്യോഗാര്‍ത്ഥിയായ നേമം സ്വദേശി ശശികുമാറിന്റെ പരാതിയിലാണ് കേസ്. വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പി.എസ്.സി ജീവനക്കാരന്റെ ഭാര്യയായ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കിയതിനും കേസെടുത്തു. നെടുമങ്ങാട് സ്വദേശി സുനിത്തിന്റെ പരാതിയിലാണ് കേസ്.
പി.എസ്.സി സെക്രട്ടറി സാജുജോര്‍ജ്ജിനെ ഇന്ന് ചോദ്യംചെയ്യും. പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യംചെയ്യും. 12 കമ്മിഷനംഗങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കി.

