Spread the love

കൊച്ചി: അച്ഛൻ ജയബാലകൃഷ്ണനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നീതിക്കായി പോരാടുന്ന 24കാരി ഭദ്രകീർത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കേസിൽ പ്രതിയായ 17കാരനെയും ജഡ്ജിയായ പിതാവിനെയും പ്രതിക്കൂട്ടിലാക്കി ഭദ്രകീർത്തിയും സഹോദരങ്ങളും നടത്തിയ പ്രതിഷേധം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് രണ്ട് വർഷം മുൻപ് ടെലിവിഷൻ ഗെയിം ഷോയിൽ പങ്കെടുത്ത ഭദ്രയുടെ വിഡിയോ വീണ്ടും പ്രചരിക്കുന്നത്.

കൊച്ചി കണ്ടെയ്‌നർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തെക്കൻ ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനെ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബെൻസ് കാറിടിച്ചത്. അപകടത്തിൽ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടു. പ്രതിയെ രക്ഷിക്കാൻ പൊലീസ് ആദ്യം വഴിയൊരുക്കിയെന്ന ആരോപണത്തെത്തുടർന്ന് അച്ഛന്റെ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ ഭദ്രകീർത്തിയും സഹോദരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

പഠനം പൂർത്തിയാക്കി അച്ഛനെ സാമ്പത്തികമായി സഹായിക്കണമെന്ന ആഗ്രഹത്തോടെ ജോലിയിൽ പ്രവേശിച്ച് രണ്ട് മാസം തികയുന്നതിനിടെയാണ് ഭദ്രയ്ക്ക് പിതാവിനെ നഷ്ടമായത്. നീതിക്കായുള്ള മകളുടെ പോരാട്ടം വലിയ ശ്രദ്ധ നേടുന്നതിനിടെയാണ് മഴവിൽ മനോരത്തിലെ ‘ഉടൻ പണം’ പരിപാടിയിൽ പങ്കെടുത്തതിന്റെ പഴയ ദൃശ്യങ്ങൾ വീണ്ടും വൈറലായത്.

എംഎസ്‌സി പഠനകാലത്താണ് ഭദ്രകീർത്തി പരിപാടിയിൽ പങ്കെടുത്തത്. നന്നായി പഠിച്ച് പിഎച്ച്ഡി നേടി ‘ഡോ. ആർ.ജെ. ഭദ്രകീർത്തി’ ആകണമെന്നായിരുന്നു അന്ന് അവതാരകരോട് പറഞ്ഞത്. സ്വന്തം പേരിന് പുറമെ സഹോദരങ്ങളുടെ പേരുകളിലും പ്രത്യേകതയുണ്ടെന്ന് ഭദ്ര അന്ന് പങ്കുവച്ചിരുന്നു. ചേട്ടൻ ആർ.ജെ. ഭരത് ശങ്കറും അനിയൻ ആർ.ജെ. ഭാഗ്യദർശൻ ശക്തിയുമാണ്.

സൗത്ത് ചിറ്റൂരിൽ അച്ഛൻ നടത്തിയിരുന്ന ‘ബാലേട്ടൻ ദോശക്കട’യെക്കുറിച്ചും കുടുംബത്തിന്റെ അധ്വാനത്തെക്കുറിച്ചും ഭദ്ര പരിപാടിയിൽ സംസാരിച്ചിരുന്നു. കുട്ടിദോശയ്ക്കും ഓംലെറ്റിനും പേരുകേട്ട കടയാണിതെന്ന് പറഞ്ഞ ഭദ്ര, മുൻപ് എറണാകുളത്തും വരാപ്പുഴയിലും അമ്മ നടത്തിയിരുന്ന ഹോട്ടലുകളിൽ സഹായിച്ചിരുന്ന കാര്യവും ഓർത്തെടുത്തു. പിന്നീട് ഹോട്ടലുകൾ അടച്ചുപൂട്ടിയെന്നും ഇപ്പോൾ തട്ടുകട മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഭദ്ര അന്ന് പറഞ്ഞിരുന്നു.