ന്യൂഡൽഹി :ഗൾഫ് യുദ്ധത്തിനിടെ ഇന്ധന വില വർദ്ധനയുടെ ആശങ്ക പരത്തി പ്രീമിയം പെട്രോൾ വില വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോൾ ഡീസൽ വില ഉയർന്നിട്ടില്ല. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ബൾക്ക് ഡീസൽ വിലയും ഉയർത്തി.രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില ഇനി ലിറ്ററിന് 2.35 രൂപ വരെ കൂടും.
ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവയാണ് വില ഉയർത്തിയത്. അതേസമയം, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ഇറാൻ- അമേരിക്ക യുദ്ധവും ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതുമാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയത്. വില വർദ്ധിക്കുന്നതോടെ കൊച്ചിയിൽ പ്രീമിയം പെട്രോളിന് 108.20 രൂപയോളമാകും. തിരുവനന്തപുരത്ത് 109.83 രൂപയും. ഇന്ത്യയിലെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും ഒരിടത്തും വിതരണ തടസമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ഗൾഫിലെ എണ്ണ ശുദ്ധീകരണശാലകൾ പലതും ആക്രമണത്തിൽ പ്രവർത്തനം ഭാഗികമായ സാഹചര്യത്തിൽ ഇന്ധന വിപണി അസ്ഥിരമാണ്. മാറ്റങ്ങൾ എല്ലാ ലോക വിപണിയിലും പ്രതിഫലിച്ചേക്കാം.

