Spread the love

തിരുവനന്തപുരം : കത്തിക്കാളുന്ന കോൺഗ്രസ് ഗ്രൂപ്പിസം ഇത്തവണ ആളിപ്പടർന്നില്ല. ഹൈക്കമാന്റിനു മുന്നിൽ വെല്ലുവിളികൾ അവസാനിപ്പിക്കുന്ന പുതിയ കീഴ് വഴക്കത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഒപ്പം എതിർച്ചേരിയിലെ സംഭവ വികാസങ്ങൾക്കനുസരിച്ച് തന്ത്രം മെനയുന്നു.

 

കെ സുധാകരന്റെ കണ്ണൂരിലെ ഭീഷണി ആദ്യഘട്ടത്തിൽ നിർവീര്യമാക്കിയത് മാത്രമല്ല സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സീനിയർ നേതാക്കളായ ജോസഫ് വാഴക്കൻ, ദീപ്തി മേരി വർഗീസ്, അടൂർ പ്രകാശ് ടോമി കല്ലാനി തുടങ്ങിയവരെയെല്ലാം മത്സരക്കളത്തിന് പുറത്തിരുത്തി. ഗ്രൂപ്പിസത്തിന്റെ ഭാഗമായി സ്ഥിരം സ്ഥാനാർത്ഥികൾ ആയിരുന്ന പലരുടെയും സമ്മർദ്ദം അതിജീവിച്ച് മാറ്റിനിർത്താൻ കഴിഞ്ഞു എന്നതാണ് കോൺഗ്രസ് ഹൈക്കമാൻ്റിൻ്റെ പ്രത്യേകത, സുധാകരൻ ഉയർത്തി വിട്ട വെല്ലുവിളി കേഡർ പാർട്ടിയുടെ രീതിയിൽ നേരിട്ടു. അതേസമയം സിപിഎം വിട്ട ജി സുധാകരനെ ചേർത്തുനിർത്തുകയും ചെയ്തു. സിപിഎം വിമതരെ പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്കാണ് കോൺഗ്രസ് നയം.

 

കോട്ടയം പോലെ യുഡിഎഫിന് സാധ്യതയുള്ള ജില്ലയിൽ പരമാവധി കോൺഗ്രസ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഇത്തവണ കഴിയുന്നു. 9 മണ്ഡലങ്ങളിൽ ആറിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ. കേരള കോൺഗ്രസിൻറെ രണ്ടു സീറ്റും കോട്ടയത്ത് കോൺഗ്രസ് നേടി. വൈക്കത്ത് സണ്ണി എം കപി കാടിനെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പു കൊടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്.പക്ഷേ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ വികാരം ഉൾക്കൊണ്ട് കെ ബിനിമോനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. മന്ത്രി വി.എൻ വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂർ മണ്ഡലത്തിനായി ജോസഫ് വാഴക്കൻ പോസ്റ്റർ വരെ അടിച്ചുവെങ്കിലും നാട്ടകം സുരേഷിനാണ് നറുക്ക് വീണത്.ഡിസിസി അധ്യക്ഷനാണ് നാട്ടകം സുരേഷ്.

 

ന്യൂഡൽഹിയിലെ ഉറങ്ങാത്ത ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആത്മവിശ്വാസത്തിൽ നിന്നും തെല്ലും പിന്നോട്ട് പോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. യുഡിഎഫിന് 100 സീറ്റ് അല്ലെങ്കിൽ രാഷ്ട്രീയ വനവാസം എന്ന് കഴിഞ്ഞദിവസം സ്വന്തം മണ്ഡലമായ പറവൂരിൽ നടത്തിയ പൊതുയോഗത്തിലും സതീശൻ ആവർത്തിച്ചു. കേരളത്തിലെ ലീഡർമാരിൽ വ്യത്യസ്തമാകുന്നതും ഈ പ്രസ്താവനയിലൂടെയാണ്.

 

ഉമ്മൻചാണ്ടിയും ആൻറണിയും കെ കരുണാകരനും പാർട്ടിയുടെ മുൻനിരയിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്ഥാനാർത്ഥിനിർണയത്തിൽ പലപ്പോഴും കലാപത്തോളം ഉയർന്ന പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തവണ ആ തലത്തിലേക്ക് കാര്യങ്ങൾ മാറിയില്ല. സംസ്ഥാന കോൺഗ്രസ് നേതൃത്വവും ഹൈക്കമാന്റും ഒരേ നിലപാടിൽ ആയിരുന്നു. എംപിമാരെ മത്സരിപ്പിക്കില്ലെന്ന നിലപാടിൽ അയവുവ വരുത്താൻ ഒരു സാഹചര്യത്തിലും തയ്യാറായതുമില്ല.