കൊച്ചി: ക്യാപ്റ്റന്‍ പോര്‍ക്കളത്തില്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മാധ്യമ സംവാദത്തിന് എത്തുന്നു. ശബരിമല സ്വര്‍ണക്കൊള്ള മുതല്‍ ഏതു വിഷയത്തിലും മറുപടി. പത്തുവര്‍ഷത്തെ പിണറായി ഭരണത്തില്‍ ഇതാദ്യം. മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്ക്ലബുകളിലെത്തി മാധ്യമങ്ങളുടെ മീറ്റ് ദ പ്രസ് പരിപാടികളില്‍ പങ്കെടുക്കുന്നത്.

എറണാകുളത്താണ് തുടക്കം. വെള്ളിയാഴ്ച്ച എറണാകുളം പ്രസ്ക്ലബ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പിണറായി വിജയന് പങ്കെടുത്തു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ അപൂര്‍വമായാണ് മാധ്യമ പ്രവര്‍ത്തകരുടെ ആസ്ഥാനമായ പ്രസ്ക്ലബില്‍ എത്തി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നത്.
കോവിഡ് കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനങ്ങള്‍ ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന് വഴിവെട്ടിയതുപോലും ആ ആശയവിനിമയ പരിപാടിയായിരുന്നു. ലോകം അടച്ചുപൂട്ടിയ നാളുകളില്‍ മലയാളി മുഴുവന്‍ ആ വാര്‍ത്താ സമ്മേളനം കണ്ടു.
എന്നാല്‍ രണ്ടാം പിണറായി ഭരണത്തില്‍ മാധ്യമങ്ങളോട് അകലം പാലിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിശദീകരിക്കുന്ന പരിപാടി നിര്‍ത്തി. അതിനിടെ സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.ഇത് ഏറെ വിവാദത്തിനിടയാക്കി. ഇപ്പോഴും അത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പായ പബ്ലിക് റിലേഷന്‍സ് വകുപ്പിലൂടെ മാത്രം പരിപാടികള്‍ അറിയിക്കുന്ന സംവിധാനത്തിലേക്ക് മാറി. പിആര്‍ഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതും മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാരില്‍ നിന്നും അകറ്റി. വിവാദങ്ങളിലൊന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പൂര്‍ണ നിശബ്ദനായിരുന്നു.
പക്ഷേ ശബരിമല ഉള്‍പ്പടെയുളള വിവാദം കത്തി നില്ക്കുമ്പോള് ഇടതു ഭരണത്തിന്റെ നേട്ടങ്ങള്‍ അറിയിക്കുന്നതിനും യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനുമായി പിണറായി വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. അതും പ്രസ്ക്ലബുകളില്‍. എറണാകുളത്തിനു ശേഷം ഇന്ന് തൃശൂര്‍ പ്രസ്ക്ലബിലും അതിഥിയായി എത്തുന്നു. മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ചയ്ക്ക്. തൃശൂര്‍ പ്രസ്ക്ലബില്‍ മാധ്യമ പ്രവര്‍ത്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് ശ്രമിച്ചത് മാധ്യമ ഗ്രൂപ്പുകളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

