കോട്ടയം: ജാതി അധിക്ഷേപം നടത്തിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിനെതിരെ നടപടി വേണമെന്ന് ആവശൃം ശക്തമായി.ഇത് സംബന്ധിച്ച് ജില്ലയിലെ ഒരു വിഭാഗം ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഷോൺ ജാതിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായി മുണ്ടക്കയം മണ്ഡലം പ്രസിഡന്‍റ് വിമലാണ് രംഗത്ത് വന്നത്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തിയെന്നുമാണ് എരുമേലി പൊലീസിൽ നൽകിയ പരാതിയിൽ വിമൽ ചൂണ്ടിക്കാട്ടിയത്.

ജാതി അധിക്ഷേപത്തിൽ ആദ്യം ബി.ജെ.പി നേതൃത്വത്തിനാണ് വിമൽ പരാതി നൽകിയെങ്കിലും ഷോണിന്റെ സ്വാധീനത്തിൽ പാർട്ടി നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയോ പരിഗണനയോ ലഭിച്ചില്ലെന്നാണ് ആക്ഷേപം. പാർട്ടിയിൽ നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് വിമൽ എരുമേലി പൊലീസിന് നേരിട്ട് പരാതി നൽകിയത്.
പൊലീസിൽ പരാതി എത്തിയതോടെയാണ് ജാതി അധിക്ഷേപം പുറം ലോകം അറിഞ്ഞത്. തുടർന്ന് ബി.ജെ.പി ജില്ല നേതൃത്വം ഉടൻ തന്നെ ഇടപെടുകയും വിമലിനെ ചർച്ചക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് ചർച്ചക്കൊടുവിൽ അനുനയിപ്പിച്ച് വിമലിനെകൊണ്ട് പരാതി പിൻവലിപ്പിച്ചു. എന്നാൽ ഷോണിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ജാതി അധിക്ഷേപം മോശം പ്രവണതയായി കണക്കാക്കി നടപടി വേണമെന്നാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ആവശൃപ്പെടുന്നത്. ബിജെപിയിലെത്തി മാസങ്ങൾക്കുള്ളിൽ കാലങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ അധിക്ഷേപിക്കുന്ന ശൈലി അംഗീകരിക്കാൻ കഴിയില്ലന്നാണ് ഇവരുടെ നിലപാട്.സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ അടുത്തയാളെന്ന പ്രതീതി സൃഷ്ടിച്ചാണ് ഷോൺ പാർട്ടിയിലെ ജില്ലയിലെ മുതിർന്ന നേതാക്കളെ പോലും അവഗണിച്ച് നീങ്ങുന്നതെന്നാണ് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചരൃത്തിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുവാനേ ഷോണിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തികൾ സഹായിക്കുകയുള്ളൂവെന്ന് ഇവർ ചൂണ്ടികാണിക്കുന്നു. സ്വന്തം പാർട്ടിയായ ജനപക്ഷത്തിൽ പിസി ജോർജും മകൻ ഷോണും ഏകാധിപതികളായി പ്രവർത്തിച്ചിരുന്ന ശൈലി ബിജെപിയിൽ തുടരാൻ അനുവദിക്കില്ലന്ന നിലപാട് ഒരു വിഭാഗം കർക്കശമാക്കുകയാണ്.
അതിനിടയിൽ ചില ചാനലുകളെയും ഓൺലൈനുകളെയും വശത്താക്കി താൻ പാലായിലും പിസി ജോർജ് പൂഞ്ഞാറിലും മത്സരിക്കുകയാണെന്ന പ്രചാരണം തുടരുന്നതിലെ അതൃപ്തിയും ജില്ലയിലെ പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി പട്ടികപോലും പുറത്തിറക്കും മുമ്പാണ് ഷോൺ സ്വയം സ്ഥാനാർത്ഥിയായി അവതരിച്ചിരിക്കുന്നത്.അതേസമയം പിസി ജോർജ് തനിക്ക് ദേശീയ നൃനപക്ഷ കമ്മീഷൻ അംഗമോ ഗവർണർ സ്ഥാനമോ വേണമെന്ന ആവശൃവുമായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറെ സന്ദർശിച്ചിരുന്നു. വെള്ളാപ്പള്ളി- തുഷാർ- കെ സുരേന്ദ്രൻ പക്ഷത്തിന്റെ കടുത്ത എതിർപ്പാണ് ജോർജിന് പദവികൾ ലഭിക്കുന്നതിലെ തടസ്സമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജനകീയതയുള്ള ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് കൂടി ബിജെപി മുന്നണിയിൽ എത്തിയതോടെ പിസി ജോർജിന്റെ താരമുലൃം കുറഞ്ഞതും പദവികൾ ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദവി വേണമെന്നും അല്ലെങ്കിൽ തനിക്കും മകനും സീറ്റ് വേണമെന്നുമാണ് ജോർജിന്റെ ആവശൃം.

