ന്യൂഡൽഹി: മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടിനുള്ള സാഹചര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള അടുപ്പമാണെന്ന് ശശിധരൻ കർത്താ നൽകിയ മൊഴി പിണറായിക്ക് കുരുക്കായേക്കാം. സി.എം.ആർ.എൽ.-എക്സാലോജി ക്കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇടപാടിൽ തനിക്കൊന്നും അറിയില്ലെന്ന് നിലപാടാണ് ചോദ്യംചെയ്തില് മകൾ വീണ സ്വീകരിച്ചിരുന്നത്. അതിനു പിന്നാലെയാണ് കർത്താ പിണറായി ആയുള്ള അടുപ്പം ചൂണ്ടിക്കാട്ടിയത്.
ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്.
എക്സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി.) സേവനങ്ങളൊന്നും നൽകാതെയായിരുന്നു പണം കൈമാറ്റമെന്നും മൊഴി നൽകി. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി ലഭിച്ചത് സേവനങ്ങളൊന്നും നൽകാതെയാണെന്ന് വീണ സമ്മതിച്ചതായും ഇ.ഡി. റിപ്പോർട്ടിലുണ്ട്. കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായിയെ ചോദ്യംചെയ്യുക.
ഇ.ഡി. സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസുകളുടെ അവലോകനത്തിനായി കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയപ്പോൾ പിണറായിയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഡയറക്ടർ രാഹുൽ നവീന്റെ അനുമതി വാങ്ങിയശേഷം മതിയെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. അനുമതി ലഭിച്ചതായാണ് സൂചന.
ഇതോടെ ഇടപാടിൽ ഇത് ആദ്യമായി മുൻ മുഖ്യമന്ത്രിയും കടന്നുവരികയാണ്. ഭരണകാലത്ത് നിരവധി ആരോപണങ്ങൾ ഉയർന്നുവെങ്കിലും ഒരു കേസിലും പിണറായി വിജയനെ ചോദ്യം ചെയ്തിരുന്നില്ല. ഇതിനകം തന്നെ ഇടതുമുന്നണിയിൽ പിണറായി വിജയൻറെ നിലപാടുകൾക്കെതിരെ ഉയരുന്ന ശബ്ദത്തിന് ഇനി കൂടുതൽ കനം വെച്ചേക്കും.

