കോട്ടയം: പുലി വരുന്നേ പുലി. വാകത്താനത്ത് പുലിയിറങ്ങിയത് വാട്‌സാപ്പില്‍. പക്ഷേ ഒരു ഗ്രാമം മുഴുവന്‍ പുലിയെ തെരഞ്ഞു. ഒടുവിലാണ് സൈബര്‍ ലോകത്തെ പണിയാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ ഇപ്പോഴും നാട് ഭീതിയിലാണ്. പ്രത്യേകിച്ച് കുട്ടികള്‍. ഇതാദ്യമല്ല നേരത്തെ കടുവയും കരടിയും ഒക്കെ ഇതുപോലെ സൈബര്‍ ലോകത്തു നിന്നും നാട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്. പക്ഷേ പുലി വരുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കുട്ടികളാണ് പ്രശ്‌നം. എത്ര പറഞ്ഞാലും പുലിപ്പേടി മാറുന്നില്ല. പുലിപേടിയ്ക്ക് ആക്കം കൂട്ടി പല സോഷ്യല്‍ മീഡിയ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വിരുതന്മാരും ഇല്ലാതില്ല.
പുലിയേ തേടി പോയവര്‍ പൂച്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പക്ഷേ അതു പോലും ഭയമായി മാറി. വനം വകുപ്പ് പുലിയെ പിടികൂടി എന്നാണ് ഒരു കിംവദന്തി. പോലീസും വനം വകുപ്പും പ്രദേശത്ത് പുലിയില്ല എന്നു പ്രഖ്യാപിച്ചിട്ടും സൈബര്‍ ലോകം നല്‍കിയ ഭീതി വിട്ടൊഴിയുന്നില്ല.

