പാലാ നഗരസഭയില്‍ ചൊവ്വാഴ്ച്ച അവിശ്വാസ ചര്‍ച്ച
കോട്ടയം: പാലാ നഗരസഭയില്‍ ചൊവ്വാഴ്ച്ച അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. പുളിക്കക്കണ്ടം സ്വതന്ത്ര ബ്ലോക്ക് അംഗമായ നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. ഡിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഏകാഭിപ്രായമില്ലെങ്കിലും കോണ്‍ഗ്രസ് വിപ്പു നല്‍കുമെന്നാണ് സൂചന.. എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഏറെപ്പേരും ദിയ ബിനുവിനെ പിന്തുണയ്ക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.എന്നാല്‍ യുഡിഎഫിന് ലഭിച്ച പാലാ നഗരസഭാ ഭരണം ഭിന്നതയുടെ പേരില്‍ കുളമാക്കരുത് എന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉള്‍പ്പെടുന്ന ഘടകകക്ഷികളുടെ നിലപാട്.
പ്രതിപക്ഷത്ത് ആകെ 12 അംഗങ്ങളാണുളളത്. കേരള കോണ്‍ഗ്രസ് (എം)-10 സിപിഎം 2 എന്നതാണ് എല്‍ഡിഎഫ് കക്ഷിനില. കോണ്‍ഗ്രസ്-6, കേരള കോണ്‍ഗ്രസ്-3, പുളിക്കക്കണ്ടം സ്വതന്ത്ര മുന്നണി-3, കെഡിപി-1, സ്വതന്ത്ര-1 എന്നിങ്ങനെ 14 ആണ് യുഡിഎഫ് കക്ഷിനില. 26 അംഗങ്ങളുള്ള നഗരസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎല്‍എ, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ച. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ യുഡിഎഫ് ഭരണം നഗരസഭയില്‍ തുടരാന്‍ കഴിയുകയുള്ളൂ. പ്രതിപക്ഷത്തിന് അവിശ്വാസം വിജയിക്കാന്‍ 2 പേരുടെ കൂടി പിന്തുണ വേണം് ഇതു കോണ്‍ഗ്രസില്‍നിന്നു ലഭിക്കുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്കിയാലും ദിയ ബിനുവിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞതായാണ് അറിയുന്നത്. വിപ്പ് ലംഘിച്ചാല്‍ കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത 6 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുകയും ചെയ്യും.
അതിനിടെ വിമതയായി മത്സരിച്ച നഗരസഭാ ഉപാധ്യക്ഷ മായാ രാഹുല്‍, ഭര്‍ത്താവ് പി.എന്‍.ആര്.രാഹുല്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച അച്ചടക്കനടപടികള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഡിസിസി പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചതിനാണ് മായാ രാഹുലിനെ പാര്‍ട്ടി പുറത്താക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷമാണ് പാലായില്‍ യുഡിഎഫ് സ്വതന്ത്ര മുന്നണി സഖ്യം നിലവില്‍ വന്നത്. മൂന്നംഗങ്ങളുളള പുളിക്കക്കണ്ടം മുന്നണിക്ക് യുഡിഎഫ് ചെയര്‍പേഴ്സണ്‍ പദവി വിട്ടു നല്‍കുകയും ചെയ്തു. എ്ന്നാല്‍ പിന്നീട് ഭിന്നത ഉടലെടുത്തു.ഇതോടെയാ്ണ് ഇടതു മുന്നണി അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്.

