ചരിത്ര മിഷന് പൂര്‍ത്തിയായി. ചന്ദ്രന്റെ മറുപുറം കണ്ട് സുരക്ഷിത ലാന്റിംഗ്

ഫ്ളോറിഡ: ചന്ദ്രനെ ചുറ്റി ചരിത്ര മിഷന് പൂര്‍ത്തിയാക്കി ‘ആര്‍ട്ടെമിസ് 2’ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഓറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി 40 മിനിട്ടോളം ഭൂമിയില്‍ നിന്നുള്ള ബന്ധമില്ലായിരുന്നു.
പുത്തന്‍ നാഴികക്കല്ലുകള്‍ സ്വന്തം പേരില്‍ എഴുതിചേര്‍ത്തിരിക്കുകയാണ് ആര്‍ട്ടെമിസ് 2 ദൗത്യസംഘം. ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോള്‍ ആര്‍ട്ടെമിസ് 2 സംഘത്തിലെ നാല് പേര്. 1970ല്‍ ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970ലെ റെക്കോര്‍ഡ് ഇന്നലെ രാത്രി 11.26നാണ് ഓറിയോണ്‍ ഇന്റഗ്രിറ്റി പേടകം മറികടന്നത്. ഇന്ന് പുലര്‍ച്ചെ 4.37ന് ഭൂമിയില്‍ നിന്ന് നാല് 6,06,771 കിലോമീറ്റര്‍ അകലെ വരെ പേടകമെത്തി. ഇനിമുതല്‍ ഇതാണ് മനുഷ്യന് ഭൂമിയില്‍ നിന്ന് സഞ്ചരിച്ച ഏറ്റവും കൂടുതല്‍ ദൂരം.
1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്ല് കുത്തിയെങ്കില് ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഓറിയോണ്‍ പേടകം പത്ത് ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഓറിയോണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുമ്പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.
VIDEO : NASA

