Spread the love

കോട്ടയം : കേരളത്തിൽ കഴിഞ്ഞ ഒന്‍പതു വർഷക്കാലമായി അധികാരത്തിൽ ഇരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനെതിരെയുള്ള ശക്തമായ താക്കീത് ആയിരിക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എം.എല്‍.എയുമായ ശ്രീ പി.ജെ. ജോസഫ് പ്രസ്താവിച്ചു.

കേരള യൂത്ത് ഫ്രണ്ട് 56-ാം സംസ്ഥാന ജന്മദിനസമ്മേളനം കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇടതുപക്ഷ സര്‍ക്കാരിന് രണ്ട് തവണയിലായി ഭരണം ലഭിച്ചിട്ടും, യുവാക്കളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കാനും, യാഥാര്‍ഥ്യപരമായ യുവജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ യുവതി യുവാക്കളും വിദ്യാർത്ഥികളും പഠനാവശ്യത്തിനും തൊഴിൽ അന്വേഷിച്ചും വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുന്നത് കേരള സർക്കാരിന്റെ ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത്തരത്തിലുള്ള ദുരവസ്ഥകൾ തിരുത്തിക്കുറിക്കാൻ യൂത്ത് ഫ്രണ്ട് ശക്തമായ യുവജനപ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ സജ്ജമാണെന്ന് പി ജെ ജോസഫ് ആഹ്വാനം ചെയ്തു.

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ച സംസ്ഥാന ജന്മദിന സമ്മേളനത്തിൽ കേരള കോൺഗ്രസ് പാർട്ടി നേതാക്കളായ വർക്കിംഗ് ചെയർമാൻ പിസി തോമസ് എക്സ് എംപി , എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻ കെ എഫ് വർഗീസ്, സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.