തിരുവനന്തപുരം ∙ ‘മാസം മാസം സ്വർണം വാങ്ങും, നിങ്ങളും വാങ്ങൂ’ എന്ന സന്ദേശത്തോടെ ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ച വനിതാ യുട്യൂബറുടെ വീട്ടിൽ വൻ മോഷണം. 118 പവൻ സ്വർണവും പണവുമാണ് കവർന്നത്.
നാഗർകോവിലിന് സമീപം തമ്മട്ടുകോണത്തെ വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും യുട്യൂബർ മധുമിതയുടെയും വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചതെന്നാണ് വിവരം.
വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും പ്രദർശിപ്പിച്ചുകൊണ്ടുള്ള വിഡിയോ മധുമിത കഴിഞ്ഞ ദിവസം യുട്യൂബിൽ പങ്കുവച്ചിരുന്നു. മകളുടെ ദേഹത്ത് 500 രൂപയുടെ നോട്ടുകൾ വിതറുന്നതും പൂജാമുറിയിലെ വിഗ്രഹങ്ങൾക്ക് സമീപം നോട്ടുകൾ വിതറുന്നതും വിഡിയോയിലുണ്ടായിരുന്നു. ആഭരണങ്ങൾ ധരിച്ച് കുടുംബാംഗങ്ങൾക്കൊപ്പം നിന്ന മധുമിത ‘നിങ്ങളും ആഭരണം വാങ്ങൂ’ എന്ന ആഹ്വാനവും വിഡിയോയിൽ നടത്തിയിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മോഷണം നടന്നത്. ദമ്പതികൾ ഇന്നലെ രാത്രി വീടുപൂട്ടി പുറത്തുപോയിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് രാജാക്കമംഗലം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് സ്വർണവും പണവും പ്രദർശിപ്പിച്ചുള്ള വിഡിയോ നേരത്തെ പങ്കുവച്ചിരുന്നതായി മധുമിത അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിഡിയോ കണ്ടവരുടെയും ലൈക്ക് ചെയ്തവരുടെയും വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

