കോട്ടയം: ദേശീയപാത 183-ൽ ചോറ്റിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റിയ സംഭവം ആത്മഹത്യാശ്രമമായിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കുട്ടിക്കൽ പുത്തൂർ സ്വദേശി ശാരോണിൻ ഫിലിപ്പ് (27) അറസ്റ്റിലായി.
മനഃപൂർവമുള്ള നരഹത്യാശ്രമത്തിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. അപകടത്തിൽ പരിക്കേറ്റ ശാരോണിൻ ഫിലിപ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അപകടം. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു. കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), കൂട്ടിക്കൽ മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒൻപത്), എം.എസ്. ആവണി (നാല്), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലിൽ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമുട് രാജു (71) എന്നിവർ പരിക്കേറ്റ് ചികിത്സതേടി.
മൂന്നുപേർ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയശേഷം മടങ്ങി, അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഒരു മണിക്കുറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു.മുണ്ടക്കയം ഭാഗത്തുനിന്ന് അമിത വേഗത്തിൽ കാറുമായി വന്ന യുവാവ് മുന്നിൽപോയ മറ്റൊരു കാറിൽ ചെറുതായി ഇടിച്ചു. ഇതിനെ മറികടന്ന് മുന്നോട്ട് കൊണ്ടുപോയി റോഡിൽ തൊട്ടുമുന്നിൽ അതേദിശയിൽ പോവുകയായിരുന്ന ഓട്ടോയിലും കാറിടിച്ചു. പിന്നാലെ ഇതേദിശയിൽ പോയിരുന്ന മറ്റൊരു കാറിന്റെ പിന്നിലും ഇടിച്ചു.
നിയന്ത്രണം നഷ്ടമായ യുവാവിന്റെ കാർ എതിർദിശയിൽ പാതയോരത്ത് നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ചു. പിറകെ ചോറ്റി റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറാൻ അവസരം കാത്ത് നിർത്തിയ ഒരു കാറിലും ഇടിച്ചു. ഇയാൾ കാർ നിർത്തി. പ്രതിക്കും പരിക്കേറ്റിരുന്നു. കാർ ലോക്കാവുകയും ചെയ്തിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇയാളെ പുറത്തിറക്കിയത്.
കുട്ടിക്കൽ സ്വദേശികളായ അൻസാരിയും സഹിലും ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന മടുക്ക സ്വദേശി ശ്യാംജിത്തും കുടുംബവും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ പിന്നിലിടിച്ചത് മാത്രമേ ഓർമയിലുള്ളുവെന്ന് ശ്യാംജിത്ത് പറയുന്നു. ഓട്ടോറിക്ഷ തെറിച്ച് തലകീഴായാണ് വീണത്. നാലുവയസ്സുകാരി മകൾക്കടകം പരിക്കേറ്റു.

