ചങ്ങനാശേരി ∙ കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (59), മകൻ സവിൻ (33) എന്നിവരാണ് മരിച്ചത്. അച്ഛനും അമ്മയും മരിച്ചതു കൊണ്ട് സവിൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
അതിസമയം മകൻ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മകനെ നന്നായി നോക്കണമെന്നും ബന്ധുക്കൾക്ക് ഇവർ എഴുതിയ കുറിപ്പിൽ പറയുന്നു. ഭാര്യയും ഭർത്താവും എഴുതിയ 2 ആത്മഹത്യ കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു. രണ്ടിലും മകനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകളാണ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും നല്ല വസ്ത്രങ്ങൾ ധരിച്ചാണ് ആത്മഹത്യ ചെയ്തത്. മകന്റെ ശരീരത്തിൽ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാജുവും ഭാര്യ അനുവും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സവിൻ അടുക്കളയുടെ സമീപത്തെ വർക്ക് ഏരിയയിലാണ് തൂങ്ങിമരിച്ചത്.
മാതാപിതാക്കളുടെ മരണം കണ്ട സവിൻ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നുവെന്നു കരുതുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ബാങ്ക് രേഖകളും ഫോണുകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
സമീപത്തു താമസിക്കുന്ന ബന്ധുക്കൾ ഇന്നലെ രാവിലെ 6.30ന് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ വിദേശത്താണ്. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

