കൊച്ചി: മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സംശയമാണെന്ന് പോലീസ്.
കാലടി കൊറ്റമം മൂക്കടപ്പല്ലന്‍ വീട്ടില്‍ അലന്‍ ബെന്നി (21)യെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ രാത്രി പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം ചിത്രപ്രിയ ക്രൂരമര്‍ദനം നേരിട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക വിലയിരുത്തലുണ്ട്. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ഒന്നിലധികം മുറിവുണ്ട്. ശരീരത്ത് മുറിപ്പാടുകളുമുണ്ടായിരുന്നു. ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.
കൊല്ലപ്പെട്ട ചിത്രപ്രിയക്ക് മറ്റൊരു ആൺസുഹൃത്തുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന അലൻ, കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്നും ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെടുത്തു.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെ മകളാണ് ചിത്രപ്രിയ. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയ, അമ്പലത്തിലെ ഉത്സവം കൂടാനായാണ് മലയാറ്റൂരിലെത്തിയത്.

