Spread the love

തിരുവനന്തപുരം : നവവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി കുടുതല്‍ സംസാരിച്ചത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച്. 110 സീറ്റുകള്‍ നേടാനായി 50 ദിവസത്തെ കര്‍മ്മ പദ്ധതിയെക്കുറിച്ച് മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു.തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഭരണ നടപടികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും, ഭരണ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നതിനും കൂടുതല്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ജനസമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കും. വരുന്ന 50 ദിവസം സംസ്ഥാനത്തെ വികസനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനാണ് നിര്‍ദേശം. ആകെ 30 മണ്ഡലങ്ങളില്‍ മാത്രമാണ് തദ്ദേശ ഇലക്ഷനില്‍ വോട്ടു നിലയില്‍ വ്യത്യാസം വന്നതെന്നും അതു പരിഹരിക്കാവുന്നതേയുള്ളൂ എന്നുമാണ് എല്‍ഡിഎഫ് വിശ്വാസം.

ഭാവി കേരളത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനും ഭരണ നിര്‍വ്വഹണത്തില്‍ അവരുടെ പങ്കാളിത്തം ബോധ്യപ്പെടുത്താനുമുള്ള നടപടികളാണ് സര്‍ക്കാര്‍ തുടങ്ങി വച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ തീരുമാനമായിരുന്നു അത്.നിരാലംബകളായ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് പോരെന്നാണ് പുതിയ സാഹചര്യത്തിലെ വിലയിരുത്തല്‍. ഭരണം ജനോപകാരപ്രദമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം മന്ത്രിമാര്‍ക്കും ഘടകക്ഷികള്‍ക്കുമൂണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കുറച്ചു കൂടി ക്രിയാത്മകമായ സമീപനം വരുന്ന ബഡ്ജറ്റിലുണ്ടാകണമെന്ന് മന്ത്രിമാര്‍ പറഞ്ഞുവെന്നാണ് അറിയുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചെന്ന മണപ്പാട്ട് ഫൗണ്ടേഷന്‍ കേസ് സി.ബി.ഐയ്ക്ക് വിടുന്ന വിഷയം ഇന്നലെ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സര്‍ക്കാര്‍ വിഷയം കടുപ്പിച്ചില്ല. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിരോധവും ചര്‍ച്ചയായില്ല.