കോട്ടയത്ത് എല്‍ഡിഎഫ് സീറ്റു ചര്‍ച്ചകള്‍ക്ക് തുടക്കം, മന്ത്രി വാസവന് ഏറ്റുമാനൂരില്‍ തന്നെ, പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ ജെയ്കിനും റെജിക്കും താല്പര്യമില്ല. കേരള കോണ്‍ഗ്രസ് എം 16 ന് യോഗം ചേരും.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ച് ഇടതുമുന്നണി. കോട്ടയം ജില്ലയില്‍ സിപിഎം മൂന്നു സീറ്റില്‍ തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസ് എം 15 ന് യോഗം ചേരും. സിപിഎം ജില്ലാ കമ്മറ്റി കഴിഞ്ഞദിവസം ചേര്‍ന്നു സ്ഥിതി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ നിയന്ത്രണത്തിനായി നിയമസഭാ കമ്മറ്റികള്‍ക്ക് രൂപം നല്കി. 9 നിയമസഭാ മണ്ഡലങ്ങളിലും കമ്മറ്റികള്‍ രൂപീകരിക്കും. നിലവിലുളള ഏരിയ സെക്രട്ടറിമാരാണ് കമ്മറ്റി സെക്രട്ടറിമാര്‍. ഏരിയ കമ്മറ്റികള്‍ ഉണ്ടെങ്കിലും അത് നിയമസഭാ മണ്ഡലത്തില്‍ പൂര്‍ണ പരിധിയില്‍ അല്ലാത്തതിനാലാണ് പുതിയ സംവിധാനം.
ജില്ലയിലെ പ്രധാന ഘടകകക്ഷിയായകേരള കോണ്‍ഗ്രസ് (എം) അടക്കമുള്ള ഘടക കക്ഷികള്‍ക്ക് നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റികളുണ്ട്.ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ ഏറ്റുമാനൂരില്‍ വി.എന്‍.വാസവന് തന്നെ മത്സരിണമെന്നാണ് താല്പര്യം. കോട്ടയത്ത് കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാറിന് തന്നെയാണ് മുന്‍ഗണന.. പുതുപ്പള്ളിയിലും നേരത്തെ മത്സരിച്ചവരായ റെജി സക്കറിയ, ജെയ്ക് സി.തോമസ് എന്നിവരുടെ പേരുകളാണ് പ്രാഥമിക ചര്‍ച്ചയില്‍ ഉയര്‍ന്നത്. എന്നാല്‍ ജെയ്ക്കിനും റെജിക്കും ഇനി പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ താല്പര്യമില്ലത്രേ.
കേരള കോണ്‍ഗ്രസ് എം സീറ്റ് ചര്‍ച്ചകള്‍ക്ക് 16 ന് തുടക്കമിടും. ജോസ് കെ മാണി പാലായില്‍ മത്സരിക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ അന്ന് തീരുമാനം എടുക്കും. അതേ സമയം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടണമെന്ന അഭിപ്രായവും നേതാക്കളില്‍ ഉയരുന്നുണ്ട്. ഇതാണ് നല്ല സന്ദര്‍ഭമെന്നാണ് ഇവരുടെ വാദം. എന്നാല്‍ സിപിഎം പാര്‍ട്ടിക്ക് നല്കുന്ന പിന്തുണയാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.
മന്ത്രി വാസവനെതിരെ സിപിഐ
അതിനിടെ ഇടുക്കി വണ്ടിപ്പെരിയാറില്സിപിഐ വിട്ടു ചെന്നവരെ മന്ത്രി വി.എന്‍.വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടി മുന്നണിമര്യാദകളുടെ ലംഘനമെന്നു കാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിനു സിപിഐ കത്ത് നല്കി. പരിപാടി സംഘടിപ്പിച്ച ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി.
സിപിഐയില്‍നിന്നു രാജിവച്ച 5 മുതിര്‍ന്ന നേതാക്കളെ കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച പി.എ.രാജു അനുസ്മരണ സമ്മേളനത്തില്വച്ചാണു സിപിഎം സ്വീകരിച്ചത്. മന്ത്രി വാസവനാണു സമ്മേളനം ഉദ്ഘാടനം ചെയ്തത്.ഇത് തെറ്റായ കീഴ് വഴക്കമാണെന്നാണ് സിപിഐ നിലപാട്.

