Spread the love

തിരുവനന്തപുരം: രണ്ടു മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയ സമരം വിജയത്തിലേക്ക്.ആറുമാസത്തിലധികമായി ശമ്പളം നൽകാത്ത മംഗളം മാനേജ്മെൻറ് ആദ്യം യൂണിയൻറെ ആവശ്യത്തിനു മുന്നിൽ കീഴടങ്ങി.കടുത്ത തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടു നീങ്ങിയ മാധ്യമം മാനേജ്മെൻറ് ഇപ്പോൾ അനുനയത്തിനു തയ്യാറായി. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് സമരത്തിന് പരിഹാരം കണ്ടത്.

 

മാധ്യമം മാനേജ്മെന്റിന്റെ നിലപാടിനെതിരെ പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് മാധ്യമം ആസ്ഥാനത്തിന് സമീപം 24 മണിക്കൂർ ഉപവാസ സമരം നടത്തിയിരുന്നു. സംയുക്ത ട്രേഡ് യൂണിയൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു സമരം. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റും മാധ്യമം ന്യൂസ് എഡിറ്ററുമായ കെ പി റെജിയാണ് ഉപവാസ സമരം നയിച്ചത്. സമരം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് മാധ്യമം മാനേജ്മെൻറ് കടുംപിടുത്തം അയച്ചത്.

മാധ്യമത്തിലെ സമരം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പത്രപ്രവർത്തകർ യൂണിയൻ അറിയിച്ചു.

 

പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ

മാധ്യമം ജീവനക്കാരുടെ സമരം ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു

മാധ്യമത്തിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിർണായക യോഗം ഇന്ന് തൊഴിൽ-വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്നു. സംയുക്ത ട്രേഡ് യൂണിയൻ സമിതി ഭാരവാഹികൾ, മാധ്യമം എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും, മാനേജ്‌മെൻ്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ ചുവടെപ്പറയുന്നതാണ്:

1. മാധ്യമത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്‌നങ്ങളെയും സംബന്ധിച്ച് പഠിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

2. ഇടക്കാലമായി മാർച്ച് 15-ന് ഒരു മാസത്തെ പൂർണ ശമ്പളവും ഏപ്രിൽ 15-ന് മറ്റൊരു മാസത്തെ പൂർണ ശമ്പളവും വിതരണം ചെയ്യാൻ തീരുമാനമായി.

3. ഈ കാലയളവിൽ നടത്തിയ സ്ഥലംമാറ്റങ്ങളിൽ ജീവനക്കാറുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ച് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് മന്ത്രി മാനേജ്മെൻ്റ് പ്രതിനിധികളോട് നിർദ്ദേശിച്ചു. ഈ കാര്യത്തിൽ പരിഗണനയുണ്ടാകുമെന്ന് സി.ഇ.ഒ ഉറപ്പുനൽകി.

മുകളിൽ പറഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമത്തിൽ കഴിഞ്ഞ 3 മാസമായി തുടരുന്ന സമരം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

യോഗത്തിൽ ലേബർ കമ്മീഷണർ സഫ്‌ന നസറുദീൻ, ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായ ആർ. ചന്ദ്രശേഖരൻ, ജനറൽ കൺവീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ കെ.എൻ. ഗോപിനാഥ്,
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡൻറ് വി.എസ്. ജോൺസൻ, എം.ജെ.യു സെക്രട്ടറി സുൽഹഫ്, ടി. നിഷാദ്, എം.ഇ.യു പ്രസിഡൻറ് ഫസലു റഹ്മാൻ, സെക്രട്ടറി കെ. സജീവൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, സി.എഫ്.ഒ സിറാജ് അലി, എച്ച്.ആർ മാനേജർ ആസിഫ് എന്നിവർ പങ്കെടുത്തു.