തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.
കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്.
അതേസമയം സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽ നിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ ടി. വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി പരസ്യപ്പെടുത്തി.
സിഎംആർഎൽ കമ്പനിയിൽ നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ നിയമപരമായ ചെലവുകൾ എന്ന വ്യാജേനയാണ് ഈ തുക വകമാറ്റിയത്. ഇത്തരത്തിൽ പണം കൈപ്പറ്റിയവരിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയും ഉൾപ്പെടുന്നുവെന്നും, പരിശോധനകളുടെയും അന്വേഷണത്തിന്റെയും പരിധിയിൽ മുൻ മുഖ്യമന്ത്രിയും മകളും കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

