Spread the love

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഈ വാഗ്ദാനം നടപ്പാക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ രണ്ടുമാസം കണ്ട് കെഎസ്ആര്‍ടിസിയും നാട്ടുകാരും വഴിയാധാരമാകും. ഗണേഷ് കുമാര്‍ പറഞ്ഞു. വി.ഡി സതീശന്‍ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിലാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഈ വാഗ്ദാനം നടത്തിയത്.രാഹുല്‍ ഗാന്ധി നല്‍കിയ വാഗ്ദാനം രണ്ടുമാസം നല്‍കിയാല്‍ കെഎസ്ആര്‍ടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല. കെഎസ്ആര്‍ടിസിയുമുണ്ടാകില്ല. കെഎസ്ആര്‍ടിസിയെ തനിക്കറിയുന്നപോലെ അവര്‍ക്കറിയില്ലല്ലോ.

‘ഇപ്പോള്‍ കെഎസ്ആര്‍ടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്. വകുപ്പിനെ നശിപ്പിക്കാന്‍ യുഡിഎഫ് മുന്‍പും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യയാത്ര എന്നത് വനിതാദിനത്തില്‍ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാന്‍ നാണമില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പോയി. ഇപ്പോള്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോര്‍ട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല.

മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാള്‍ കൂടുതല്‍ വരവുണ്ടാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. പെന്‍ഷന്‍കാരുടെ പൈസ കൊടുക്കാനുള്ളതുള്‍പ്പടെ കെഎസ്ആര്‍ടിസിക്ക് പല കടങ്ങളും ബാദ്ധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് ജീവനക്കാര്‍ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.