കൊല്ലം: കൊല്ലം ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ (26)യുടെ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. സായയുടെ ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന സൂചന നൽകുന്ന, സെപ്റ്റംബർ 24-ന് നടത്തിയ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നത്.
‘ നിനക്ക് എന്താ പറ്റിയത്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ’ എന്ന ചോദ്യത്തിന് ‘എല്ലാവരും’ എന്നും മറുപടി നൽകി. പിന്നീട് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ എടുത്തില്ല. തുടർന്ന് ഒരുതവണമാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സന്ദേശവും അയച്ചു.
അതേസമയം, സായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും മാതാവ് റിഹാനി ഷാജി പറഞ്ഞു. മരണം നടന്ന് നാലു മണിക്കൂറിനു ശേഷമാണ് വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. കൂടാതെ സായയുടെ ലാപ്ടോപ്പും ഡയറിയും കാണാനില്ലെന്നും ഇവയിൽ നിർണായക തെളിവുകളുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
സായ മരിച്ച് 11 ദിവസത്തിനുശേഷമാണ് പോലീസ് മൊഴിയെടുത്തതെന്നും ഇതിനിടെ ഭർതൃവീട്ടുകാർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും കുടുംബം ആരോപിച്ചു.
‘ഹൃദയ സംബന്ധമായ അസുഖം കാരണം അഡ്മിറ്റാണ്. പെട്ടെന്ന് വരണമെന്ന് പറഞ്ഞാണ് ഞങ്ങളെ വിളിക്കുന്നത്. പെട്ടെന്നുതന്നെ കൊല്ലത്തെത്തി. അവിടെ ചെന്നപ്പോൾ അഫ്സലും പിതാവും രണ്ടുപോലീസുകാരും ഉണ്ടായിരുന്നു. കണ്ടപ്പോൾത്തന്നെ എന്തോ പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. ആംബുലൻസ് തുറന്നു കാണിച്ചു. തല മൂടിയിട്ടില്ല. എന്റെ ചങ്ക് തകർന്നു പോയി. പിന്നെ മോർച്ചറിയിൽ കൊണ്ടുവെച്ചു’, കുടുംബം പറഞ്ഞു.
അതേസമയം മൊഴിയെടുക്കുന്നതിലെ കാലതാമസത്തിനു പിന്നിൽ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുണ്ടായിരുന്നോയെന്നും കുടുംബം സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മകൾക്ക് നീതി ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ കഴിഞ്ഞ മാസം 31ന് രാത്രി 8.30-നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ സായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)

