Spread the love

പിഎസ് സി നിയമന തട്ടിപ്പ് : ചെയര്‍മാന് കുരുക്കു മുറുകുന്നു

 

തിരുവനന്തപുരം: പിഎസ് സി നിയമന ക്രമക്കേടില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം.ആര്‍ ബൈജുവിനെ അറസ്റ്റ് ചെയ്‌തേക്കും. ഇതിലെ പങ്കു ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിലാണ് ഇത്. ആസൂത്രണ ബോര്‍ഡ് നിയമന ക്രമക്കേടിലാണ് നടപടി.

തുടര്‍ച്ചയായി രണ്ടാംദിനവും ചോദ്യംചെയ്തപ്പോള്‍ ഗുരുതരവീഴ്ച വെളിവായി. അവ സാങ്കേതികമെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും രേഖകള്‍ മുന്നില്‍വച്ച് ചോദ്യംചെയ്തപ്പോള്‍ അതെല്ലാം തന്റെ അധികാരമെന്ന് മറുപടി നല്‍കി. അങ്ങനെയെങ്കില്‍, വീഴ്ചകളുടെ ഉത്തരവാദിത്വവും ചെയര്‍മാനാണെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടിയപ്പോള്‍ മൗനം പാലിച്ചു.വിജിലന്‍സ് എസ്.പിയടക്കം ചൂണ്ടിക്കാട്ടിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതെന്ത് എന്ന് ചോദിപ്പോഴും പ്രതികരിച്ചില്ല.

കമ്മിഷനംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികള്‍ ചെയര്‍മാനെതിരാണ്. എല്ലാം തീരുമാനിക്കുന്നത് ചെയര്‍മാനും രണ്ടംഗങ്ങളും ചേര്‍ന്നെന്നാണ് ഭൂരിഭാഗംപേരും വെളിപ്പെടുത്തിയത്. ചെയര്‍മാന്റെ പങ്കു തെളിയിക്കുന്ന സുപ്രധാനരേഖകളും എസ്.ഐ.ടിക്ക് കൈമാറിയിട്ടുമുണ്ട്.

അതിനിടെ, പി.എസ്.സി സെക്രട്ടറി സാജുജോര്‍ജ്ജിന് ശനിയാഴ്ച ചോദ്യംചെയ്യലിനെത്താന്‍ നോട്ടീസ് നല്‍കി. 12 കമ്മിഷനംഗങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഹാജരാവാന്‍ ഇന്ന് നോട്ടീസ് നല്‍കും. സെക്രട്ടറിയെ ഒഴിവാക്കി ചെയര്‍മാന്‍ തീരുമാനങ്ങളെടുത്തിരുന്നതായി എസ്.ഐ.ടിക്ക് വിവരം കിട്ടി. കൂട്ടായാണ് തീരുമാനമെന്ന ചെയര്‍മാന്റെ മൊഴിക്ക് വിരുദ്ധമാണ് അംഗങ്ങളുടെ മൊഴി. റിമാന്‍ഡിലായ മുന്‍ഡെപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റേതിന് സമാനമാണ് ചെയര്‍മാന്റെ മൊഴി. സതീഷിനെയും അഡി. സെക്രട്ടറി ആര്‍.ഹരിയെയും സംരക്ഷിക്കുന്ന മൊഴിയാണ് ചെയര്‍മാന്‍ നല്‍കിയത്. സോഫ്റ്റ്വെയര്‍ പിശകാണെന്ന് അവര്‍ത്തിച്ചു. എല്ലാ അംഗങ്ങളുടെയും മൊഴിയെടുത്തശേഷം ചെയര്‍മാനെ വീണ്ടും ചോദ്യംചെയ്യും. പരമാവധി തെളിവുകളുമായി അറസ്റ്റിനാണ് നീക്കം.

പി.എസ്.സിക്കെതിരെ ഒരു കേസുകൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തു. 2023ലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയിലെ തട്ടിപ്പിനാണ് കേസ്. 100 ചോദ്യങ്ങളില്‍ 47എണ്ണവും ഒരു ഓണ്‍ലൈന്‍ ഗൈഡില്‍ നിന്ന് അതേപടി കോപ്പിയടിച്ചു. ഇത് ചോദ്യം ചോര്‍ത്തിക്കൊടുക്കുന്നതിന് സമാനമാണെന്നാണ് കേസ്. ആരെയും പ്രതിയാക്കിയിട്ടില്ല. ഗവര്‍ണര്‍ പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത ശേഷം സംസ്ഥാന സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നടപടി വേഗത്തിലാക്കിയിരിക്കുകയാണ്.