നെയ്യാറ്റിൻകര: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിന് പിന്നാലെ യുവാവ് സഞ്ചരിച്ചിരുന്ന കാറും സംഘം കത്തിച്ചു. കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപ് (30) ആണ് ആക്രമണത്തിനിരയായത്. ശരീരത്തിൽ 21 മുറിവുകളേറ്റ പ്രദീപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിൽ വ്യാഴാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനായ പ്രദീപ്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും സന്ദർശിച്ചശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കണ്ണൻകുഴിയിൽനിന്ന് കളത്തറയ്ക്കലിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ വഴിയിൽ നിന്നിരുന്ന മൂന്ന് പേരോട് ആരാണെന്ന് ചോദിച്ചതോടെയാണ് ആക്രമണമുണ്ടായതെന്ന് പ്രദീപ് മൊഴി നൽകി. കാറിൽനിന്ന് പുറത്തിറങ്ങിയ പ്രദീപിനെ രണ്ടുപേർ പിടിച്ചുനിർത്തുകയും മൂന്നാമൻ കൈവശമുണ്ടായിരുന്ന ചെറിയ വാൾ ഉപയോഗിച്ച് വെട്ടുകയും കുത്തുകയുമായിരുന്നു. കൈകളിലും മുതുകിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട പ്രദീപ് മാരായമുട്ടം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് എത്തി പ്രദീപിനെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ പൊലീസ് സംഭവസ്ഥലത്തെത്തി മൊഴിയെടുക്കാനായി ആശുപത്രിയിലേക്ക് പോയി. ഈ സമയം തിരിച്ചെത്തിയ അക്രമികൾ കാർ അടിച്ചുതകർത്തശേഷം തീകൊളുത്തി. പുലർച്ചെ 3.30-ഓടെ സംഭവസ്ഥലത്ത് തിരിച്ചെത്തിയ പൊലീസ് കാർ കത്തുന്നത് കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കാർ പൂർണമായും കത്തിനശിച്ചു.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മാരായമുട്ടം പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് പ്രദീപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നവരും വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

