കോട്ടയം : കൂട്ടിക്കലില്‍ നാലുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടലില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. വേദിക്കു സമീപം സ്ഥാപിച്ച ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണു ഗവര്‍ണര്‍ വേദിയിലേക്കെത്തിയത്.
ആര്‍എസ്എസ് വഴി ലഭിക്കുന്ന പ്രചോദനത്തില്‍ ലക്ഷക്കണക്കിനു പേര്‍ ഭാരതാംബയെ സേവിക്കുകയാണെന്നു ഗവര്‍ണര്‍ തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ആര്‍എസ്എസിനു രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ആര്‍എസ്എസിനെക്കുറിച്ചു പലര്‍ക്കും പല ധാരണകളുമുണ്ട്. പലപ്പോഴും അതിന്റെ ബാഹ്യരൂപം മാത്രം കണ്ട് ആളുകള്‍ തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ആ പേരിനു പിന്നിലെ ആശയത്തെ അവര്‍ മനസ്സിലാക്കുന്നില്ല. ചിലര്‍ ആര്‍എസ്എസിനെ രാഷ്ട്രീയ സംഘടന എന്നു പറയുന്നു. എന്നാല്‍ ആര്‍എസ്എസുമായി താന്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അതു ശരിയല്ലെന്നു തനിക്കു പറയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍എസ്എസിനു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തതുകൊണ്ടാണു നിസ്വാര്‍ഥരായ പ്രവര്‍ത്തകരെ സമൂഹത്തിനു സംഭാവന ചെയ്യാന്‍ സാധിക്കുന്നത്. അവര്‍ എന്തു ചെയ്താലും അത് ഈ രാജ്യത്തിനു വേണ്ടിയാണ്, ഭാരതമാതാവിനു വേണ്ടിയാണ്. ഈ പ്രചോദനമാണു സേവാഭാരതിയുടെയും അടിസ്ഥാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്‌നേഹനികുഞ്ജം പദ്ധതിയില്‍ 12 വീടുകളാണ് സേവാഭാരതി നിര്‍മിച്ചു നല്‍കിയത്. അതില്‍ എട്ടു വീടുകളുടെ താക്കോല്‍ദാനമാണ് ഗവര്‍ണര്‍ നിര്‍വഹിച്ചത്.

