Spread the love

ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കാണാതായ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍. മിന്നൽപ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ഇവരിൽ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ചെളിയിൽ മുങ്ങിയ നിലയിലാണ് ക്യാംപ്. ഇവർക്കു നദീതീരത്ത് താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.

കുട്ടികളുടെ മരണം ചില രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചു. അതിനിടെ പ്രളയത്തിൽപ്പെട്ട 850 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്.