പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട് മണ്ഡലത്തില്‍ പണമിടപാട് വിവാദം കൊഴുക്കയാണ്. വോട്ടിന് നോട്ട് ആരോപണത്തിന് പിന്നാലെ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്തെന്നും പരാതി. ഇത്തരത്തിൽ പാലക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളിൽവോട്ടിനായി ശോഭ സുരേന്ദ്രൻ പണവും സാരിയും നൽകുന്നുവെന്ന് സി പി എമ്മും കോൺഗ്രസും ആരോപണം ഉയർത്തിയിരുന്നു. ഇന്നാണ് ഇതിന്റെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
എൻ ഡി എ സ്ഥാനാർഥി നേരിട്ടെത്തി സാരി വിതരണം ചെയ്തു എന്ന ആരോപണവും ഉണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ നേരിട്ട് സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. മരണവീട്ടിൽ പോകാനാണ് ബിജെപി സ്ഥാനാർഥിയും സംഘവും കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് എത്തിയത്. മരണവീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെത്തി വയോധികയുടെ കയ്യിൽ 5000 രൂപ നൽകിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. പിന്നാലെ വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരിശോധന ആരംഭിച്ചു.

