തിരുവനന്തപുരം: കഴക്കൂട്ടത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്.
മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗവും സുഹൃത്ത് തൻബീർ ആലവും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിനെ ഇന്നലെ വൈകീട്ട് ആറുമണിയോടെ ആണ് മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു.
അതേസമയം കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

