Spread the love

ഓച്ചിറ: ഓച്ചിറയില്‍ 16 വയസ്സുകാരിയെ മതപ്രഭാഷകന്‍ പീഡിപ്പിച്ച കേസില്‍ കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. യുട്യൂബർ കൂടിയായ പ്രതിയുടെ മൊബൈൽ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണു ലഭിച്ചത്.

5 ലക്ഷത്തോളം ഫോളോവേഴ്സുള്ള കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് (34), രോഗങ്ങളും ബാധയും മാറ്റാം എന്നു പറഞ്ഞാണ് 65 വയസ്സുള്ള മുത്തശ്ശിയോടൊപ്പം എത്തിയ കൊച്ചുമകളെ 2025 ഒക്ടോബർ മുതൽ മതപാഠശാലയിലും വാടക വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പീഡനശേഷം പെൺകുട്ടിയുമായി മുഹമ്മദ് നിയാസ് നടത്തിയ മൊബൈൽ ഫോൺ സംഭാഷണങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘ഞാൻ ഈ വിഷയം വിട്ടു. മോൾ ആരോടും ഇനി ഒന്നും പറയാൻ നിൽക്കരുത്. മരണംവരെ ഒരാളും അറിയാതിരുന്നാൽ മതി. അന്ന് എന്റെ ആവശ്യമായിരുന്നു. മോൾക്ക് എന്താവശ്യത്തിനും എന്നെ വിളിക്കാം’ എന്നും മറ്റും ഇയാൾ പെൺകുട്ടിയോട് പറയുന്നതിന്റെ ഓഡിയോ തെളിവുകളാണു ലഭിച്ചത്.

അതേസമയം പ്രതി നിയാസ് ജൗഹരിക്കെതിരെ കൊല്ലം സ്വദേശിയായ യുവതി രംഗത്തെത്തി. മോട്ടിവേഷന്‍ സ്പീക്കര്‍, മതപ്രഭാഷകന്‍ എന്നീ നിലകളിലാണ് നിയാസ് ജൗഹരിയെ താന്‍ പരിചയപ്പെട്ടതെന്ന് യുവതി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. പിന്നീട് ഇയാളില്‍ നിന്ന് വളരെ മോശമായ അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും യുവതി തുറന്നുപറഞ്ഞു. സമാനമായ അനുഭവം മറ്റ് പല പെണ്‍കുട്ടികള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പുറത്തുപറയാനുള്ള മടിയും ഭയവും കാരണം പലരും നിശ്ശബ്ദരാകുകയാണെന്നും യുവതി വെളിപ്പെടുത്തി.