Spread the love

കോട്ടയം: ചങ്ങനാശ്ശേരിയിൽ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച 18കാരൻ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല സ്വദേശി ഗോകുൽ ബിനുവാണ് പിടിയിലായത്. തെങ്ങണയിൽ അമിതവേഗത്തിൽ പാഞ്ഞ ഇന്നോവ കാർ നാട്ടുകാർ സാഹസികമായി തടഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു.

നെടുമ്പാശേരിയിലെയും ചേരാനല്ലൂരിലെയും വാഹനാപകടങ്ങളുടെ ഞെട്ടൽ മാറും മുമ്പാണ് സമാനമായ മറ്റൊരു സംഭവം ചങ്ങനാശ്ശേരിയിൽ ഉണ്ടായത്. പായിപ്പാട് മുതൽ തെങ്ങണ വരെ ഏകദേശം എട്ട് കിലോമീറ്ററാണ് യുവാവ് ഇന്നോവ കാറുമായി അപകടകരമായ രീതിയിൽ സഞ്ചരിച്ചത്. ഇതിനിടെ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു.

സ്കൂട്ടറുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ കാറിന്റെ ഒരു ചക്രം ഊരിപ്പോയെങ്കിലും യുവാവ് വാഹനം നിർത്തിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് ചക്രങ്ങളുമായി കുറച്ചുദൂരം കൂടി കാർ മുന്നോട്ടുപോയതായും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.