Spread the love

കൊച്ചി: ജീവിതത്തില്‍ താൻ നേരിട്ട പല പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞു ജുവല്‍ മേരി. താൻ 2024-ല്‍ വിവാഹമോചിതയായെന്നും തനിക്ക് കാന്‍സര്‍ ബാധിച്ചിരുന്നുവെന്നും പറയുകയാണ് ജുവല്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”ഒറ്റവാക്കില്‍ ഞാൻ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ വിവാഹമോചിതയായി. ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ആളാണ് ഞാൻ . പലര്‍ക്കും അതൊരു കേക്ക് വാക്ക് ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി, വിജയിച്ചു. അങ്ങനെ രക്ഷപ്പെട്ടു. വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഇതിന് ഇടയ്ക്ക് വേറൊരു തമാശയുണ്ടായി.

മൂന്നാല് വര്‍ഷം എടുത്താണ് വിവാഹ മോചനം കിട്ടിയത്. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. ഞാന്‍ മ്യൂച്ചല്‍ കിട്ടാന്‍ കുറേ നടന്നു. കുറേ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമാണ്. അതിനാല്‍ പോരാട്ടം എന്ന് തന്നെ പറയും.

”ഇനിയെങ്കിലും ജീവിതമൊന്ന് ആസ്വദിക്കണം, സന്തോഷിക്കണം എന്നൊക്കെയാണ് കരുതിയത്. അങ്ങനെയിരിക്കെ ലണ്ടനില്‍ ഒരു ഷോയ്ക്ക് പോയി. ഒരു മാസം അവിടെ കറങ്ങി. അവിടെ സുഹൃത്തുക്കളുണ്ട് അവരെ കാണാന്‍ പോയി. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും പോയി. നല്ല ഹരം പിടിപ്പിക്കുന്ന, ഒറ്റയ്ക്കുള്ള യാത്ര. എന്റെ സന്തോഷത്തിന്റെ പാരമ്യമായിരുന്നു അത്. എന്റെ ആ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് ലണ്ടനിലാണ്.”

”കൈയ്യിലുള്ള കാശൊക്കെ പൊട്ടിച്ചാണ് ഞാൻ തിരികെ വരുന്നത്. ഇനിയും ജോലി ചെയ്യുമെന്ന് അറിയാം. ഏഴ് വര്‍ഷമായി തൈറോയ്ഡിന്റെ പ്രശ്‌നമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഭാരത്തില്‍ വ്യത്യാസമുണ്ടാകും. കൂടെ ഇന്റേണല്‍ ട്രോമയും സ്‌ട്രസ്സും പിസിഒഡിയുമൊക്കെയുണ്ട്. റെഗുലര്‍ ചെക്കപ്പിനായി ഒരു ദിവസം പോയി. വേറൊരു കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. ചുമയ്ക്കുമ്പോള്‍ കഫം കുറച്ചധികം വരും, എപ്പോഴും തൊണ്ട ക്ലിയര്‍ ചെയ്തു കൊണ്ടിരിക്കും എന്നതല്ലാതെ വേറെ ലക്ഷണങ്ങളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല..

എന്നാൽ ഡോക്ടര്‍ പറഞ്ഞു നമ്മുക്കൊന്ന് സ്‌കാന്‍ ചെയ്തു നോക്കിയാലോ എന്ന്. ബിഎസ് സി നഴ്‌സിങ് പഠിച്ചയാളാണ്. എന്താണ് നടക്കുന്നതെന്ന് കണ്ടാല്‍ എനിക്ക് മനസിലാകും. അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ മനസിലായി. എന്റെ കാലൊക്കെ തണുക്കാന്‍ തുടങ്ങി. അവരുടെ മുഖമൊക്കെ മാറാന്‍ തുടങ്ങിയിരുന്നു. പിന്നെ അവര്‍ ബയോപ്‌സി എടുത്തു നോക്കാമെന്ന് പറഞ്ഞു. എന്റെ കാല് അനങ്ങുന്നില്ല. ഞാന്‍ ഭൂമിയില്‍ ഉറഞ്ഞു പോയി. പേടിച്ച് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അത് പറയരുത്, എടുക്കണമെന്ന് അവര്‍ പറഞ്ഞു. എന്റെ കൈയും കാലും മരവിച്ചു പോയി.

നേരത്തെ തന്നെ ഡോക്ടര്‍ കാന്‍സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന സൂചന തന്നിരുന്നു. ബയോപ്‌സിയുടെ റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ജീവിതം സ്ലോ ആയിപ്പോയി. റിസള്‍ട്ട് വന്ന ശേഷം വീണ്ടും ഒന്നൂടെ ഉറപ്പിക്കണമെന്ന് പറഞ്ഞു. വീണ്ടും ബയോപ്‌സി എടുത്തു. ഈ സമയമത്രയും താന്‍ വീട്ടുകാരുടെ മുന്നില്‍ പേടി കാണിച്ചതേയില്ല. പേടിയൊക്കെ ഉറഞ്ഞു പോയിരുന്നു. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് എനിക്ക് മനസിലായി. ഫെബ്രുവരിയിലായിരുന്നു സര്‍ജറി. എഴ് മണിക്കൂര്‍ ആയിരുന്നു സര്‍ജറി.

സര്‍ജറിയ്ക്ക് ശേഷം ശബ്ദം മുഴുവന്‍ പോയി. ആറ് മാസം എടുക്കുമെന്നാണ് അവർ പറഞ്ഞത്. ഇടത്തെ കൈ ദുര്‍ബലമായിപ്പോയി. ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു.