തിരുവനന്തപുരം∙ സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു.പയ്യാനിത്തോട്ടത്ത് ഉരുൾ പൊട്ടലിൽ വീടിന് മേൽ മണ്ണ് വീണ് ജോസഫിൻ ജോണി മണപ്പാട്ട് മരിച്ചു
ജോസഫിൻ ജോണി മണപ്പാട്ട്
അതേസമയം കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
ഉപ്പുതറയില്‍ പോലീസുകാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തൊട്ടടുത്ത നിമിഷം പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഇവര്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
അതേസമയം പത്തനംതിട്ട ജില്ലയിലെ റാന്നിയിലും കോന്നിയിലും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണവും അപകടകരവുമായി തുടരുകയാണ്. രാത്രി മുഴുവന്‍ പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ റാന്നിയിലെ പല പ്രദേശങ്ങളും പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയി. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതം പൂര്‍ണ്ണമായും നിശ്ചലമായി. കുടുങ്ങിക്കിടക്കുന്ന ആളുകളെ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണ് ഇവിടെ നിലവിലുള്ളത്.
അതേസമയം പത്തനംതിട്ടയിലെ വനമേഖലകളില്‍ പലയിടത്തും ശക്തമായ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കല്ലാറിലും കക്കട്ടയാറിലും ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്ന് പ്രതിസന്ധി രൂക്ഷമാക്കി. പമ്പയിലും അച്ചന്‍കോവിലാറിലും അതിവേഗം വെള്ളമുയരുകയാണ്. കൂടത്തത്തെ പ്രശസ്തമായ പമ്പ ത്രിവേണി പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വരും മണിക്കൂറുകളിലും മഴ തുടര്‍ന്നാല്‍ റാന്നി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രളയ ദുരന്തം അതിരൂക്ഷമാകുമെന്നാണ് ആശങ്ക.
അതിനിടെ കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി മുങ്ങി. കൂട്ടിക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലുംപാറത്തോട്ടിലും നിരവധിയിടങ്ങളിൽ വെള്ളം കയറി. എരുമേലി വലിയമ്പലത്തിൽ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിലും ഈരാറ്റുപേട്ട, നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തണ്ണിത്തോട് ഭാഗത്തും നദിയിൽ ക്രമാതീതമായി ജലനിരപ്പുയർന്നു.

