സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു.
അതേസമയം നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സു മതി മരിച്ചു.
കോട്ടയം കൊലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണുരസിച്ചിറങ്ങി വൈക്കം സ്വദേശിയായ ബന്ധു പ്രഭാകരൻ നായർ (72) മരിച്ചു.
പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരിച്ചു.
ഉപ്പുതറയിൽ പോലീസ് ജീപ്പിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാത, ഈരാറ്റുപേട്ട-വാഗമൺ റോഡ്, കുട്ടിക്കാനം-മുണ്ടക്കയം റോഡ്, ആലുവ-മൂന്നാർ റോഡ്, കെ.കെ. റോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
അതിനിടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാൽ എറണാകുളം DTPC-യുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും.

