കഴിഞ്ഞ കാലം തീർത്ത അതിരുകളു ടെയും അരുതുകളുടെയും നിറവിലും കുറവിലും കൂടി വളർന്നാണ് എഴുത്തിലെ സ്ത്രീ ഇന്ന് ശക്തമായി നിലനിൽക്കുന്നത് എന്ന് തനുജ ഭട്ടതിരി അഭിപ്രായപ്പെട്ടു.
150 വർഷങ്ങൾക്കു മുമ്പ് സ്ത്രീത്വത്തെക്കുറിച്ചും, സ്ത്രീകളുടെ പ്രണയ ഗാർഹിക ലൈംഗിക സാമൂഹ്യ സാംസ്കാരിക അനുഭവത്തെക്കുറിച്ചും പറയാനോ എഴുതാനോ സ്ത്രീകൾക്ക് അവസരമില്ലായിരുന്നു.. പുരുഷന്മാരാണ് സ്ത്രീകളുടെ ലൈംഗിക അനുഭവങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നത്.. അവിടെ നിന്നാണ് സ്ത്രീകൾ തങ്ങൾക്കും പറയാനുണ്ട് എന്നു പറഞ്ഞ് സ്ത്രീത്വത്തെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും, സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ചും ഒക്കെ പറഞ്ഞു മുന്നേറിയത്. പിന്നീട് ദളിത് സ്ത്രീകൾ അവരുടെ ദുഷ്കരമായ അനുഭവങ്ങൾ തുറന്നെഴുതി. ട്രാൻസ്ജെൻഡർസ് അവരുടെ അനുഭവം പറഞ്ഞു.വിപ്ലവകരമായ മാറ്റമാണ് സ്ത്രീ എഴുത്തിൽ സംഭവിച്ചിട്ടുളളത്.
നിയമസഭാ അന്താരാഷ്ട്ര സാഹിത്യ – പുസ്തകോത്സവം KLI B F ഡയലോഗ് സെഷനിലെ എഴുത്തിലെ സ്ത്രീ ദേശവും കാലവും അതിരുകളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു തനുജ ഭട്ടതിരിയും ഷീല ടോമിയും.
മലയാളി സ്ത്രീയുടെ അനുഭവപരിസരങ്ങൾ , വിദ്യാഭ്യാസം , തൊഴിൽ , യാത്രാപഥങ്ങൾ എല്ലാം ഒരുപാട് വിശാലമായിട്ടുള്ളതിനാൽ എഴുത്തിൽ ആഗോളമായ വിഷയങ്ങൾ കടന്നുവരികയും സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങളും ശരീരവും മാത്രമെഴുതുന്ന കാലം മാറുകയും ചെയ്തിട്ടുണ്ട്. ദേശത്തെക്കുറിച്ചും കാലത്തെക്കുറിച്ചും അതിർത്തിക്കപ്പുറത്തുള്ള രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം എഴുതുന്നവരായി ഇന്ന് സ്ത്രീകൾ മാറി. മുൻപേ നടന്നവരുടെ വെളിച്ചം സ്വീകരിച്ച സ്ത്രീയുടെ സാംസ്കാരിക – സാമൂഹിക പ്രതിരോധമാണ് ഇന്നത്തെ എഴുത്തിൽ കാണുന്നത് എന്ന് ഷീല ടോമി പറഞ്ഞു.

