കോട്ടയം : ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പ്രവിത്താനം സ്വദേശികളായ ലോസപ്പൻ ജോസഫ്, സണ്ണി സേവ്യർ എന്നിവർക്ക് മാനുഷിക പരിഗണന നൽകി മുൻഗണനാടിസ്ഥാനത്തിൽ നിക്ഷേപതുക എത്രയും വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ബാങ്കിന് നിർദ്ദേശം നൽകി.
പരാതിക്കാർ കേരള ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറഞ്ഞു.
രണ്ടു പരാതിക്കാരും വ്യത്യസ്ത ആവശ്യങ്ങൾക്കായി വൻതുക നിക്ഷേപിച്ചിരുന്നു. ഇരുവരും ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവരാണ്. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിക്ഷേപകർ കൂട്ടത്തോടെ തുക പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും ബാങ്ക് സെക്രട്ടറി വ്യക്തമാക്കി. തുടർന്ന് ബാങ്ക് സെക്രട്ടറിയെ നേരിൽ കേട്ട ശേഷമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്

