Spread the love

ആലത്തൂർ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജോലിക്കിടെ ബെൽ പാൾസി ബാധിച്ച അധ്യാപകൻ്റെ അവധിയും ചികിത്സാ ചിലവും അനുവദിക്കുന്നതിൽ അലംഭാവം തുടരുന്നു.

പഴമ്പാലക്കോട് സ്കൂളിലെ അധ്യാപകനായ ഡോ. സംഗീത് രവീന്ദ്രനാണ് രോഗാതുരനായി തുടരുന്നത്. പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും അപേക്ഷയിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

മൂന്നാഴ്ച കളക്ട്രേറ്റിൽ സൂക്ഷിച്ച പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയച്ചെന്നാണ് കളക്ട്രേറ്റിൽ അന്വേഷിച്ചപ്പോൾ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലിയുടെ ഭാഗമായി ബാധിച്ച അസുഖമായതിനാൽ സ്ഥാപന മേധാവിക്ക് അവധി അനുവദിക്കാൻ കെ എസ് ആറിൽ വ്യവസ്ഥയുണ്ട്. ഇതിനായി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോ. സംഗീത് പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും തുടർ ചികിത്സക്ക് റഫർ ചെയ്തപ്പോൾ സ്വകാര്യ മെഡിക്കൽ കോളേജിനെയാണ് ആശ്രയിച്ചത്. മരുന്നിന് പുറമെ മൂന്നാഴ്ച ഇലക്ട്രിക് തെറാപ്പി ചെയ്തതും സ്വകാര്യ ക്ലിനിക്കിലാണ്. ഇക്കാരണങ്ങളാൽ ചിത്സാ കാലയളവിൻ്റെ സാക്ഷ്യപത്രം സർക്കാർ ആശുപത്രിയിൽ നിന്ന് ഹാജരാക്കുന്നതും തടസമാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവ് ലഭിച്ചാലേ അവധിയും മറ്റ് ചികിത്സാ ചിലവുകളും ലഭിക്കൂ എന്നതാണ് സ്ഥിതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കനിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകനും കുടുംബവും.

അധ്യാപകന് നീതി ലഭ്യമാക്കണം : ദേശീയ അധ്യാപക പരിഷത്ത് (എൻ റ്റി യു)

ആലത്തൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി രോഗാതുരനായ കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന് നീതി ലഭ്യമാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. മനോജ് സെക്രട്ടറി ഗിരീഷ് ഗോപിനാഥ് എന്നിവർ ആവശ്യപ്പെട്ടു.

പഴമ്പാലക്കോട് ഹൈസ്കൂളിലെ മലയാളം അധ്യാപകനും എൻ റ്റി യു പാലക്കാട്‌ വിദ്യാഭാസ ജില്ലാ പ്രസിഡന്റും കൂടിയായ ഡോ. സംഗീത് രവീന്ദ്രനാണ് ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജോലിക്കിടെ അതിശൈത്യം ബാധിച്ച് ബെൽ പാൾസി രോഗത്തിന് ചികിത്സയിലായത്.

ഡിസംബർ 17 ന് ജില്ലയിലെ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന പാലക്കാട് കളക്ടർക്ക് പരാതി നൽകിയിരുന്നു. 22 ദിവസം പിന്നിട്ടിട്ടും പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാത്തത് അനീതിയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പത്രമാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ ഈ വിഷയം വാർത്തയായിട്ടും ഡോ.സംഗീതിന് പ്രത്യേക അവധിയും ചികിത്സാ ചിലവും അനുവദിക്കാൻ തയ്യാറാകാത്തത് അംഗീകരിക്കാനാവില്ല. പരാതി നിലനിൽക്കുമോ നിരാകരിച്ചോ എന്ന് അറിയിക്കാനുള്ള ഉത്തരവാദിത്തം അധികൃതർക്കുണ്ടെന്നും എൻ റ്റി യു നേതാക്കൾ പ്രതികരിച്ചു.