തിരുവനന്തപുരം : 23 ദിവസമായി കേരളത്തിൽ മൂന്ന് മുന്നണികളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല. വൈകുന്നേരം 6:00 മണിക്ക് കൊട്ടിക്കലാശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനമായി. ഇനി വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തും വരെ നിശബ്ദ പ്രചാരണമാണ്. ശബ്ദകോലാഹങ്ങൾ ഇല്ലാത്ത ഈ 24 മണിക്കൂർ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കളുടെയും അവസാനഘട്ട വോട്ട് ഉറപ്പിക്കൽ സമയമാണ്.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം ആണെന്നും അല്ല യുഡിഎഫിനാണ് മേൽകൈ എന്നും സൂചിപ്പിക്കുന്ന സർവേഫലങ്ങൾ വന്നു കഴിഞ്ഞു. ദേശീയ സർവേഫലങ്ങൾ കൂടുതലും യുഡിഎഫ് മുന്നണിക്ക് അനുകൂലമാണ്. അതേസമയം ഇടതുമുന്നണി തുടർഭരണം ഉറപ്പിച്ച് എന്നാണ് ഇടതു കേന്ദ്രങ്ങളും മുഖ്യമന്ത്രിയും നൽകുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേന്ദ്ര മന്ത്രിമാരും അടങ്ങുന്ന വലിയ നേതൃനിര തന്നെ കേരളത്തിൽ ഈ ദിവസങ്ങളിൽ എത്തി.
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം. ഇന്നും അത് അദ്ദേഹം ആവർത്തിച്ചു. ഇടതുമുന്നണി ആകട്ടെ യുഡിഎഫിന്റെ നുണപ്രചരണങ്ങളെ എല്ലാം തകർത്തു അധികാരത്തിൽ തുടരുമെന്ന് തന്നെയാണ് അറിയിക്കുന്നത്. കൃത്യമായ സീറ്റുകൾ എത്രയെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇടതു കേന്ദ്രങ്ങളും ആത്മവിശ്വാസത്തിലാണ്. പിണറായി മന്ത്രിസഭയിലെ 12 മന്ത്രിമാർ പരാജയം അനുഭവിക്കുമെന്നാണ് വി ഡി സതീശന്റെ ഏറ്റവും ഒടുവിലത്തെ പ്രവചനം.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് എം മത്സരിക്കുന്ന കോട്ടയം ജില്ലയിൽ യുഡിഎഫ് എൽഡിഎഫ് മുന്നണികൾ കടുത്ത പോരാട്ടത്തിലാണ്. കേരള കോൺഗ്രസ് എം വിജയിച്ച കാഞ്ഞിരപ്പള്ളി പൂഞ്ഞാർ ചങ്ങനാശ്ശേരി സീറ്റുകൾ നേടിയെടുക്കാൻ ആണ് യുഡിഎഫ് ശ്രമം. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സരിക്കുന്നു. കാഞ്ഞിരപ്പള്ളി പാലാ പൂഞ്ഞാർ സീറ്റുകളിലാണ് തിരുവനന്തപുരത്തിനു ശേഷം ബിജെപി ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ.
ഇടതുമുന്നണി സർക്കാരിലെ ശക്തനായ മന്ത്രി വി എൻ വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂർ മണ്ഡലം വിറുറ്റ പോരാട്ടത്തിലാണ് സാക്ഷ്യം വഹിക്കുന്നത്. ഇവിടെ ബിജെപി മുന്നണിക്ക് ട്വൻറി ട്വൻറി സ്ഥാനാർത്ഥിയാണ് രംഗത്തുള്ളത്. ഈ മണ്ഡലത്തിൽ ബിജെപി സിപിഎം ഡീൽ ഉള്ളതായി കോൺഗ്രസ് നേരത്തെ ഉന്നയിച്ചിരുന്നു. ഇന്നലെ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ്മോഹൻ കൈമൾ കൂടുതൽ ആരോപണങ്ങളുമായി രംഗത്തുവന്നു. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ കടുത്തുരുത്തിയിൽ മോൻസ് ജോസഫ് എന്നിവർ സിറ്റിംഗ് എംഎൽഎമാരാണ്. യുഡിഎഫിന്റെ ഈ എംഎൽഎമാരും ജനവിധി തേടുന്നു.

