ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ ധർമ്മസ്ഥലയിലെ തെരച്ചിൽ വീണ്ടും ട്വിസ്റ്റ്. വനത്തിൽ നിന്ന് കണ്ടെത്തിയ ഏഴ് തലയോട്ടികളിൽ കൂടുതലും മധ്യവയസ്കരായ പുരുഷന്മാരുടേത് ആണെന്ന് പ്രത്യേക അന്വേഷണ സംഘം.
ബുധനാഴ്ചയും വ്യാഴാഴ്ചയും അഞ്ച് തലയോട്ടികൾ കണ്ടെടുത്തതായി എസ്‌ഐടി വൃത്തങ്ങൾ പറഞ്ഞു. പ്രഥമദൃഷ്ട്യാ, ഈ തലയോട്ടികൾക്ക് ഒരു വർഷം പഴക്കമുണ്ടാകാമെന്ന് അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. പോലീസിന്റെയും വനം ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ നക്സൽ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥർ പ്രദേശത്തിന്റെ 12 ഏക്കറോളം സ്ഥലം അരിച്ചുപെറുക്കി. മരങ്ങൾ നിറഞ്ഞതും ചരിഞ്ഞതുമായ പ്രദേശമാണിത്.
കേസിലെ പരാതിക്കാരനായ സി.എൻ. ചിന്നയ്യയെ വ്യാജമൊഴി നൽകിയതിന് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ ബൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അടുത്തതായി സെപ്റ്റംബർ 23-ന് കോടതിയിൽ ഹാജരാക്കും.

